തിരുവനന്തപുരം: പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് ധനമന്ത്രി തോമസ് ഐസക്. ബാങ്ക് അക്കൗണ്ട് വഴി പണം കിട്ടാനുള്ളവര്‍ പോസ്റ്റ് ഓഫീസിൽ വിവരമറിയിച്ചാൽ മതിയെന്നും വിഷുവിന് മുമ്പ് പെന്‍ഷന്‍ കിട്ടുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ഇന്ത്യ പോസ്റ്റ് പേയ്മൻറ് വഴി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പും വീട്ടിലെത്തിക്കുമെന്നും ഇതിനായി വിദ്യാർത്ഥികൾ വിവരങ്ങൾ കൈമാറണമെന്നും ധനമന്ത്രി വ്യക്തമാക്കി. 

സാലറി ചലഞ്ച് ഉത്തരവ് ഈ ആഴ്ചയിൽ ഇറക്കുമെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് സംസ്ഥാനം നീങ്ങുമ്പോൾ സാലറി ചാലഞ്ചിൽ സ‍ർക്കാർ പിന്നോട്ടില്ല.ഈ ആഴ്ച ഉത്തരവ് പുറത്തിറങ്ങും. സർക്കാർ ജീവനക്കാർക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും സാലറി ചലഞ്ചിൽ ഉൾപ്പെടുമെന്നതിലും വ്യക്തതായി. ജീവനക്കാരുടെ സംഘടനകളുമായി ചർച്ച തുടരുമ്പോൾ വരും ദിവസങ്ങളിൽ തന്നെ ഉത്തരവ് ഉണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ അടക്കം ഉൾപ്പെടുത്തി ഒറ്റ ഉത്തരവാകും പുറത്തിറക്കുക.