ഗോവയില്‍ നിര്‍മ്മിച്ച വിഞ്ച് പാരാസെയില്‍ ബോട്ടാണ് ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കുന്ന കോവളത്തെ പാരാ സെയ്‍ലിംഗിനായി ഉപയോഗിക്കുന്നത്. 

തിരുവനന്തപുരം: കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പാരാ സെയ്‍ലിംഗ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ അന്തര്‍ദേശീയ ബീച്ച് ടൂറിസം കേന്ദ്രമായ കോവളത്തെ വാട്ടര്‍ സ്പോര്‍ട്ട് ടൂറിസത്തിന് പ്രാധാന്യമേറും. കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബായി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഊര്‍ജ്ജമേകുമെന്നും ഹവ്വാ ബീച്ചില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു. 

ഗോവയില്‍ നിര്‍മ്മിച്ച വിഞ്ച് പാരാസെയില്‍ ബോട്ടാണ് ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കുന്ന കോവളത്തെ പാരാ സെയ്‍ലിംഗിനായി ഉപയോഗിക്കുന്നത്. വിനോദസഞ്ചാരികളെ ഒരു ഫീഡര്‍ ബോട്ട് ഉപയോഗിച്ച് ഇതിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ബോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന പാരാസെയിലുകള്‍ യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ബോട്ടിന് ഏകദേശം 11 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ ആഴവുമുണ്ട്. ഏകദേശം 2.5 കോടി രൂപ ചെലവഴിച്ചാണ് പാരാ സെയ്‍ലിംഗ് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നത്.

കോവളം കേന്ദ്രമാക്കി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ബോണ്ട് സഫാരി കോവളം, സ്കൂബ ഡൈവിംഗ്, സ്നോര്‍ക്കെലിംഗ്, മറ്റ് ജല അധിഷ്ഠിത സാഹസിക പാക്കേജുകള്‍ എന്നിവ വിജയകരമായി നടത്തിവരുന്നുണ്ട്.