ദില്ലി: ഇന്ത്യ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ ഭൂട്ടാനിൽ 1,000 രൂപ സുസ്ഥിര വികസന  നികുതിയായി നൽകേണ്ടിവരുമെന്ന് ഭൂട്ടാനിലെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ചില യാത്രക്കാർ ഭൂട്ടാനിൽ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക ആചാരങ്ങളെയും പാരമ്പര്യങ്ങളെയും അവഹേളിക്കുകയും ചെയ്തതായുളള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഫീസ് ചുമത്തിയത്.

ഇന്ത്യയിൽ നിന്നും ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികളുടെ ഒഴുക്ക് തടയാൻ ഹിമാലയൻ രാജ്യം അടുത്തകാലത്തായി ശ്രമം തുടങ്ങിയിട്ടുണ്ട്. സഞ്ചാരികളുടെ വരവിൽ സമീപ വർഷങ്ങളിൽ ഉണ്ടായ വർധന ഭൂട്ടാന് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുളളതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

നിലവിൽ, ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഭൂട്ടാനിലേക്ക് കടക്കാൻ വിസയോ പ്രവേശന ഫീസോ നൽകേണ്ടതില്ല, മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ പ്രതിദിനം 250 ഡോളർ മിനിമം ചാർജായി അടയ്ക്കുന്നു, അതിൽ 65 ഡോളർ സുസ്ഥിര വികസന ഫീസ്/ നികുതി ഉൾപ്പെടുന്നു.

രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി തണ്ടി ഡോർജി നവംബറിൽ ഇന്ത്യ സന്ദർശിച്ച സമയത്താണ് ഫീസ് നടപ്പാക്കാനുള്ള ഭൂട്ടാന്റെ പദ്ധതി ചർച്ച ചെയ്തത്. സുസ്ഥിര വികസന നികുതിയായി പണം പിരിക്കാനാണ് ഭൂട്ടാൻ സർക്കാർ ആലോചിക്കുന്നത്.