മുംബൈ: പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോറ്റ കമ്പനിയ്ക്ക് മെയ് മാസത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ തിരിച്ചടിയായി. ഇതേത്തുടർന്ന് കഴിഞ്ഞ മാസം കമ്പനിക്ക് വിൽക്കാനായത് വെറും 707 വാഹനങ്ങൾ മാത്രമാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിലും കൊവിഡ് തിരിച്ചടിയായിരുന്നുവെങ്കിലും 1639 യൂണിറ്റ് വിൽക്കാനായിരുന്നു.

കൊവിഡ് രണ്ടാം വ്യാപനം സജീവമാകുന്നതിന് തൊട്ടുമുൻപ് രാജ്യത്തെ വാഹന വിപണി നല്ല രീതിയിൽ പ്രവർത്തിച്ചതിനാൽ കമ്പനിക്ക് 9622 യൂണിറ്റ് വാഹനങ്ങൾ വിൽക്കാനായിരുന്നു. കർണാടക സംസ്ഥാനത്തിലാകെ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിന് മുൻപ് ഏപ്രിൽ 26 ന് തന്നെ കമ്പനി ബിഡാഡിയിലുള്ള തങ്ങളുടെ പ്ലാന്റ് അടച്ചിരുന്നു. ഇത് മെയ് 14 വരെ അടഞ്ഞുകിടന്നത് കമ്പനിക്ക് തിരിച്ചടിയായി.

എന്നാൽ 2020 മെയ് മാസത്തിലേക്കാളും മികച്ച രീതിയിലാണ് ഈ വർഷം പ്രവർത്തനം മുന്നോട്ട് പോയതെന്നാണ് കമ്പനി പറയുന്നത്. 2021 ജനുവരി മാസം മുതൽ മെയ് മാസം വരെ 104 ശതമാനം വളർച്ച നേടാൻ കമ്പനിക്ക് സാധിച്ചത് നേട്ടമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് കൊവിഡിന്റെ ഒന്നാം വ്യാപനവും രാജ്യമാകെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വിൽപ്പനയെ ബാധിച്ചിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona