ദില്ലി: ഇന്ത്യയുമായി ഏറ്റവും ശക്തമായ വ്യാപാര ബന്ധമുള്ള രാജ്യമായി അമേരിക്ക. ചൈന നിലനിർത്തിയിരുന്ന ഒന്നാം സ്ഥാനമാണ് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്ക സ്വന്തമാക്കിയത്. ഇന്ത്യക്കും അമേരിക്കയും തമ്മിൽ 2018-19 കാലത്ത് 87.95 ബില്യൺ ഡോളറിന്‍റെ വ്യാപാര ബന്ധമാണ് ഉണ്ടായത്. അതേസമയം ചൈനയുമായുള്ള വ്യാപാര ഇടപാട് 87.07 ബില്യൺ ഡോളറിന്‍റെതായിരുന്നു.

സമാനമായ നിലയിലാണ് 2019 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്കുകളും. അമേരിക്കയും ഇന്ത്യയും തമ്മിൽ 2019 ഏപ്രിൽ മുതൽ ഡിസംബർ വരെ മാത്രം 68 ബില്യൺ ഡോളറിന്‍റെ വ്യാപാരം നടന്നു. അതേസമയം ചൈനയുമായി 64.96 ബില്യൺ ഡോളറിന്‍റെ വ്യാപാരമാണ് നടന്നത്.

വ്യാപാര ബന്ധം ഇനിയും മെച്ചപ്പെടുത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയുടെ ഏറ്റവും ശക്തമായ വ്യാപാര
ബന്ധമുള്ള രാജ്യമായി അമേരിക്ക മാറുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.