തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യങ്ങളുടെ പേര് പരാമര്‍ശിച്ചിരുന്നെങ്കിലും സ്റ്റീലിന്‍റെ തീരുവയുമായി ബന്ധപ്പെട്ട് എല്ലാവരും എന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 

കൂടുതല്‍ മേഖലകള്‍ക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്‍റെ നീക്കം ഇന്ത്യന്‍ വ്യവസായ വാണിജ്യ കയറ്റുമതി മേഖലയ്ക്ക് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഏറ്റവുമൊടുവിലായി സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണികളിലും പ്രത്യേകിച്ച് സ്റ്റീല്‍ ഓഹരികളിലും ഇടിവുണ്ടായി. നിഫ്റ്റി സ്റ്റീല്‍ സൂചിക 2.7 ശതമാനം ഇടിഞ്ഞു. പ്രധാന സ്റ്റീല്‍ കമ്പനിയായ വേദാന്തയുടെ ഓഹരികള്‍ നാല് ശതമാനത്തിലേറെ നഷ്ടം നേരിട്ടു. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ നാല് ശതമാനവും ടാറ്റ സ്റ്റീല്‍ 3.27 ശതമാനവും ജിന്‍ഡന്‍ സ്റ്റീല്‍ 2.9 ശതമാനവും ഇടിഞ്ഞു.

ഉടനെത്തന്നെ സ്റ്റീല്‍ ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തുമെന്നും, ഇറക്കുമതി ചെയ്യുന്ന എല്ലാവര്‍ക്കും തീരുവ ബാധകമാകുമെന്നുമാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവന. നേരത്തെ തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യങ്ങളുടെ പേര് പരാമര്‍ശിച്ചിരുന്നെങ്കിലും സ്റ്റീലിന്‍റെ തീരുവയുമായി ബന്ധപ്പെട്ട് എല്ലാവരും എന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 

ഇന്ത്യ ഭയക്കണോ?

നിലവില്‍ കാനഡയും മെക്സിക്കോയും തന്നെയാണ് അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ സ്റ്റീല്‍ കയറ്റി അയ്ക്കുന്നത്. അലുമിനിയം കയറ്റി അയ്ക്കുന്നതില്‍ മുന്‍പന്തിയിലുള്ളത് കാനഡയും ചൈനയും യുഎഇയുമാണ്. ഇന്ത്യയുമായി അമേരിക്കയുടെ സ്റ്റീല്‍ വ്യാപാര ഇടപാട് വെറും 3 ശതമാനം മാത്രമാണ്. പക്ഷെ ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികളെ ആശങ്കപ്പെടുത്തുന്ന കാര്യം മറ്റൊന്നാണ്. പ്രധാന സ്റ്റീല്‍ ഉല്‍പാദകരായ ചൈനയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി തടസപ്പെട്ടാല്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് അവര്‍ സ്റ്റീല്‍ കയറ്റി അയക്കും. അത് ഇന്ത്യയിലെ കമ്പനികളെ പ്രതികൂലമായി ബാധിക്കും. ചൈനീസ് കടന്നുകയറ്റത്തില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന