ഇരു രാജ്യങ്ങള്‍ക്കെതിരെയും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ 100% വരെ ഇറക്കുമതി തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. യുക്രെയ്ന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ എണ്ണ കയറ്റുമതിയുടെ പ്രധാന ഉപഭോക്താക്കളാണ് ഇന്ത്യയും ചൈനയും. റഷ്യയുടെ സാമ്പത്തിക മേഖലക്ക് ഊര്‍ജ്ജം നല്‍കുന്നത് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണെന്നും ഈ രാജ്യങ്ങളുമായി നടത്തുന്ന എണ്ണ ഇടപാടുകള്‍ക്ക് റഷ്യ കനത്ത വില നല്‍കേണ്ടി വരുമെന്ന് ട്രംപ് സൂചിപ്പിച്ചു. യൂറോപ്യന്‍ യൂണിയനിലെ ഉദ്യോഗസ്ഥരുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ചൈനയും ഇന്ത്യയും ഇപ്പോഴും റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളാണ്, ഇരു രാജ്യങ്ങള്‍ക്കെതിരെയും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് റഷ്യയെ പൂര്‍ണമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാത്തതിന് നേരത്തെ ട്രംപ് യൂറോപ്പിനെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്റെ മൊത്തം വാതക ഇറക്കുമതിയുടെ 19 ശതമാനവും റഷ്യയാണ് വിതരണം ചെയ്തത്. ഇത് അവസാനിപ്പിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു, റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്നതിനാല്‍ പിന്നീട് ഇത് 50 ശതമാനമായി ഉയര്‍ത്തി. അതേസമയം, റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയാണെങ്കിലും, അമേരിക്ക ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 30% നികുതി മാത്രമാണ് ഏര്‍പ്പെടുത്തിയത്. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവര്‍ ഒരുമിച്ചതോടെയാണ് ട്രംപ് ഇന്ത്യക്കും ചൈനയ്ക്കുമെതിരെ സമ്മര്‍ദ്ദം ശക്തമാക്കുന്നത്.