ദുബായ്: ദൂബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരീം നെറ്റ്‍വര്‍ക്കിനെ ഏറ്റെടുക്കാനുളള യൂബറിന്‍റെ ശ്രമങ്ങള്‍ അന്തിമഘട്ടത്തില്‍. ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസ് ഭീമനായ യൂബര്‍ പശ്ചിമേഷ്യയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമാണ് ഈ ഏറ്റെടുക്കല്‍. മേഖലയിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി കമ്പനിയാണ് കരീം. 

ഏകദേശം 300 കോടി ഡോളറിനാകും യൂബര്‍ കരീമിനെ ഏറ്റെടുക്കകയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇടപാട് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഈ ആഴ്ച്ച ഇരു കമ്പനികളും പുറത്ത് വിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുബര്‍ വിവിധ വിപണികളില്‍ അവരുടെ സാന്നിധ്യം അതിവേഗം വര്‍ദ്ധിപ്പിക്കുകയാണ്. 

ഓണ്‍ലൈന്‍ ടാക്സി സേവനങ്ങള്‍ക്കൊപ്പം മറ്റ് ബിസിനസ്സുകളായ ഫുഡ് ഡെലിവറി, ഇലക്ട്രിക് ബൈക്ക്, ഡ്രൈവറില്ല കാറുകള്‍ തുടങ്ങിയ നിരവധി മേഖലകളിലും നിക്ഷേപം വര്‍ദ്ധിപ്പിച്ചു വരുകയാണ് യൂബര്‍.