നേരത്തെ ഡോളര്‍ മൂല്യം കുറഞ്ഞപ്പോള്‍ ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയിരുന്നു.

നിലവിലെ വിപണി സാഹചര്യങ്ങള്‍ രൂപയ്ക്ക് കൂടുതല്‍ കരുത്തേകുന്നതായി യൂണിയന്‍ ബാങ്കിന്‍റെ റിപ്പോര്‍ട്ട്. ആഗോള സാഹചര്യങ്ങള്‍ ഡോളറിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് രൂപയ്ക്ക് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ സഹായകരമാകുന്നു.ഡോളറിനെതിരെ രൂപയുടെ 84.40 എന്ന മൂല്യം സപ്പോര്‍ട്ട് നിരക്കായി കണക്കാക്കി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കാനാണ് സാധ്യതയെന്ന് യൂണിയന്‍ ബാങ്കിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. ഈ നിരക്കിനും മുകളിലേക്ക് രൂപ നില മെച്ചപ്പെടുത്തിയാല്‍ ഡോളറിനെതിരെ 83.85 എന്ന നിരക്കിലേക്ക് രൂപ ഉയരും. അതേ സമയം ഡോളര്‍ ശക്തിപ്പെടുകയും 84.90 എന്ന നിരക്കിന് താഴേക്ക് രൂപ ഇടിയുകയും ചെയ്താല്‍ 85.60 എന്ന നിലയിലേക്ക് രൂപ ഇടിയാന്‍ സാധ്യതയുണ്ടെന്ന് യൂണിയന്‍ ബാങ്കിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.

രൂപ നേരിടുന്ന പ്രധാന വെല്ലുവിളികള്‍

കഴിഞ്ഞ കുറച്ചു ആഴ്ചകളായി രൂപ മികച്ച പ്രകടനമാണ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം നില നില്‍ക്കുന്നത് രൂപയ്ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തെത്തുടര്‍ന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായത്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളുടേയും പരസ്പരമുള്ള നീക്കങ്ങള്‍ രണ്ടു രാജ്യങ്ങളിലെ കറന്‍സികള്‍ക്കുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്.

നേരത്തെ ഡോളര്‍ മൂല്യം കുറഞ്ഞപ്പോള്‍ ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയിരുന്നു. കുറഞ്ഞ നിരക്കില്‍ ഡോളര്‍ ലഭിക്കുന്നതിലൂടെ ഇറക്കുമതി ചെലവ് കുറയ്ക്കാമെന്നതിനാലാണ് എണ്ണക്കമ്പനികള്‍ അടക്കമുള്ള ഇറക്കുമതി സ്ഥാപനങ്ങള്‍ ഡോളര്‍ വാങ്ങിയത്. ഇത് ഡോളറിന്‍റെ ഡിമാന്‍റ് വര്‍ധിപ്പിക്കുകയും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 84 രൂപ 55 പൈസ എന്ന നിരക്കിലേക്ക് താഴുകയും ചെയ്തു