കൊവിഡ് കൂടി തകര്‍ത്ത സാമ്പത്തിക രംഗത്തെ രക്ഷിക്കാനുള്ള എന്ത് മാജിക്കായിരിക്കും തന്റെ മൂന്നാമത്തെ ബജറ്റിലൂടെ നിര്‍മ്മല സീതാരാമൻ നടത്തുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്

ദില്ലി: കൊവിഡ് കാലത്തിനിടയിലെ ആദ്യ പൊതുബജറ്റ് നാളെ. സാമ്പത്തിക മേഖലയുടെ രക്ഷക്കുള്ള വാക്സീനായിരിക്കും ഇത്തവണത്തെ ബജറ്റെന്നാണ് പ്രതീക്ഷ. കര്‍ഷക പ്രക്ഷോഭം തുടരുമ്പോൾ കാര്‍ഷിക മേഖലക്കുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യ-വിദ്യാഭ്യാസ സെസുകളിൽ രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനക്കും സാധ്യതയുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് കൂടി തകര്‍ത്ത സാമ്പത്തിക രംഗത്തെ രക്ഷിക്കാനുള്ള എന്ത് മാജിക്കായിരിക്കും തന്റെ മൂന്നാമത്തെ ബജറ്റിലൂടെ നിര്‍മ്മല സീതാരാമൻ നടത്തുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കാര്‍ഷിക മേഖല ഒഴികെ എല്ലാ രംഗത്തും വളര്‍ച്ച താഴോട്ടാണ്. മാന്ദ്യം മറികടക്കാൻ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിൽ ഊന്നിയുള്ള തുടര്‍ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. കൊവിഡ് മഹാമാരിയെ നേരിടാനുള്ള കൂടുതൽ പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതൽ തുക, കുടിയേറ്റ തൊഴിലാളികൾക്കുള്ള പ്രത്യേക സഹായം, നിയമസഭ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പദ്ധതികൾ, ജനങ്ങളുടെ കയ്യിൽ കൂടുതൽ പണമെത്തിച്ച് വിപണികൾ സജീവമാക്കാതെ സാമ്പത്തികമേഖല രക്ഷപ്പെടില്ല. ഇതിനായി ആദായനികുതി സ്ളാബുകളിൽ ഇളവിനും സാധ്യതയുണ്ട്.

ആരോഗ്യ, വിദ്യാഭ്യാസ സെസ് നിരക്കുകൾ കൂടുമെന്നാണ് റിപ്പോര്‍ട്ടുകൾ. കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുമ്പോൾ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലക്കുമായി നിരവധി പ്രഖ്യാപനങ്ങൾ ധനമന്ത്രി നടത്തിയേക്കും. കൊവിഡ് ലോക് ഡൗണ്‍ തൊഴിൽ മേഖലയിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾ ധനമന്ത്രിക്ക് മുന്നിലെ വെല്ലുവിളിയായി. സര്‍ക്കാരിന്‍റെ കയ്യിൽ പണമില്ല എന്നതും പ്രതിസന്ധിയാണ്. കടമെടുപ്പ് 13 ശതമാനമായി ഉയരുന്നു, ധനകമ്മി അഞ്ച് ശതമാനത്തിന് മുകളിലാകും,. നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയ ഈ സാമ്പത്തിക വര്‍ഷത്തിൽ നിന്ന് 11 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തെക്കുള്ള ദൂരം നിര്‍മല സീതാരാമന് അത്ര എളുപ്പമാകില്ല.