പദ്ധതിയുടെ ആദ്യഘട്ടത്തിൽ, കൊച്ചി തുറമുഖം സന്ദർശിക്കുന്ന ക്രൂയിസ് കപ്പലുകൾക്ക് തീരം അടിസ്ഥാനമാക്കി വൈദ്യുതി വിതരണം ചെയ്യുമെന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം.ബീന വ്യക്തമാക്കി.
കൊച്ചി: കൊച്ചി തുറമുഖത്തിന്‍റെ (Kochin port) ഹരിത തുറമുഖ സംരംഭങ്ങൾ കേന്ദ്രമന്ത്രി മന്ത്രി സർബനാന്ദ സോനോവാൾ (Sarbananda Sonowal) അവലോകനം ചെയ്തു. ഹരിത തുറമുഖങ്ങളുടെ വികസനം , ഹരിത കപ്പൽ ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട 'മാരിടൈം ഇന്ത്യ വിഷൻ 2030 'പ്രകാരം പ്രധാന തുറമുഖങ്ങളിൽ നടപ്പിലാക്കുന്ന വിവിധ ഹരിത തുറമുഖ സംരംഭങ്ങളുടെ പുരോഗതിയാണ് മന്ത്രി അവലോകനം ചെയ്തത്. കൊച്ചി തുറമുഖം നടപ്പാക്കുന്ന ഹരിത തുറമുഖ സംരംഭങ്ങളും യോഗത്തിൽ അവലോകനം ചെയ്തു. യോഗത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം.ബീന പങ്കെടുത്തു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ, കൊച്ചി തുറമുഖം സന്ദർശിക്കുന്ന ക്രൂയിസ് കപ്പലുകൾക്ക് തീരം അടിസ്ഥാനമാക്കി വൈദ്യുതി വിതരണം ചെയ്യുമെന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം.ബീന വ്യക്തമാക്കി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 350kWP ശേഷിയുള്ള റൂഫ് ടോപ്പ് സൗരോർജ്ജ പ്ലാന്റുകൾ അധികമായി സ്ഥാപിക്കാനും ഗ്രിഡ് ബന്ധിപ്പിച്ച ഫ്ലോട്ടിംഗ് സൗര പാനൽ സ്ഥാപിക്കാനും കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിർദ്ദേശിച്ചു . ഉപഭോക്താക്കളെ അവരുടെ പരിസരത്ത് സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് കൊച്ചി തുറമുഖം പ്രോത്സാഹിപ്പിക്കുന്നു. തുറമുഖ ഉപയോക്താക്കൾ ഇതിനകം 190kWP ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് 2020ൽ 3.27 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും 22.50 ലക്ഷം രൂപ ലാഭിക്കുകയും ചെയ്തു. തുറമുഖം ഇതിനകം സ്‌മാർട്ട് ഇലക്ട്രിക്കൽ മീറ്ററും സ്മാർട്ട് തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
ഭക്ഷ്യാവശിഷ്ടങ്ങളും മറ്റ് ജൈവമാലിന്യങ്ങളും ഉപയോഗിച്ചുള്ള ബയോ ഗ്യാസ് പ്ലാന്റ്, കൊച്ചി തുറമുഖം ഇതിനകം ഏറ്റെടുത്തിട്ടുള്ള ഗ്രീൻ പോർട്ട് സംരംഭങ്ങളിൽ ഉൾപ്പെടുന്നു. 75 മുതൽ 90 കിലോഗ്രാം വരെ ഭക്ഷ്യ അവശിഷ്ടങ്ങളിൽ നിന്നും ഒരു പ്ലാന്റിൽ പ്രതിദിനം 3 മുതൽ 4 കിലോഗ്രാം വരെ വാതകം ഉത്പാദിപ്പിക്കാൻ കഴിയും. ഒരു ദിവസം 100 cu.m ശേഷിയുള്ള ഒരു സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്തുറമുഖ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.
കുഴിച്ചെടുത്ത വസ്തുക്കളുടെ പുനരുപയോഗം/ലാഭകരമായ ഉപയോഗത്തിനായി തുറമുഖം ഒരു കർമപദ്ധതി അന്തിമമായി തയ്യാറാക്കിയിട്ടുണ്ട് . കുഴിച്ചെടുത്ത മണൽ എക്കൽ,ചെളി എന്നിവയിൽ നിന്നും വേർതിരിച്ചത് ചെലവില്ലാതെയാണ്. 2021 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കുഴിച്ചെടുത്ത മണൽ വില്പനയിലൂടെ 12 കോടിയിലധികം രൂപ കൊച്ചി തുറമുഖം നേടി.
