നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ ഈ പുതിയ സംവിധാനം, ഉപയോക്താക്കളുടെ ഇടയില്‍ അതിവേഗം തരംഗമായി മാറുകയാണ്.

വൈദ്യുതി ബില്‍, ഒ.ടി.ടി പ്ലാനുകള്‍, മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പി അടവുകള്‍... ഇവയുടെയൊന്നും സമയവും തീയതിയും ഇനി ഓര്‍ത്ത് തലപുണ്ണാക്കേണ്ട! നിങ്ങളുടെ എല്ലാ പ്രതിമാസ അടവുകളും സുരക്ഷിതമായും കൃത്യമായും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതാണ് യു.പി.ഐ ഓട്ടോ പേ. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ ഈ പുതിയ സംവിധാനം, ഉപയോക്താക്കളുടെ ഇടയില്‍ അതിവേഗം തരംഗമായി മാറുകയാണ്.

എങ്ങനെയാണ് യുപിഐ ഓട്ടോ പേ പ്രവര്‍ത്തിക്കുന്നത്?

ഓണ്‍ലൈന്‍ സ്ട്രീമിംഗ് സര്‍വീസുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ഇ.എം.ഐ , മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പി തുടങ്ങിയവയുടെ പ്രതിമാസ പേയ്മെന്റുകള്‍ യു.പി.ഐ ആപ്പ് വഴി നേരിട്ട് ഓട്ടോപേ മാന്‍ഡേറ്റുകള്‍ സജ്ജമാക്കാന്‍ യു.പി.ഐ ഓട്ടോപേ സഹായിക്കും. നിശ്ചയിച്ച തീയതിയില്‍ പണം അക്കൗണ്ടില്‍ നിന്ന് സ്വയമേവ കുറവ് ചെയ്യും. ദിവസേനയോ, ആഴ്ചതോറുമോ, മാസത്തിലോ, വര്‍ഷത്തിലോ ഉള്ള അടവുകള്‍ പോലും ഓട്ടോപേയില്‍ സജ്ജമാക്കാം എന്നുള്ളതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഓരോ തവണയും പണം ഓട്ടോ ഡെബിറ്റ് ചെയ്യുന്നതിന് മുന്‍പ് അതുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുകയും ചെയ്യും. പൂര്‍ണ്ണമായ നിയന്ത്രണവും സുതാര്യതയും ഈ സംവിധാനം ഉറപ്പുവരുത്തുന്നു. നീണ്ട നടപടിക്രമങ്ങളിലൂടെ കടന്നുപോകാതെ തന്നെ യു.പി.ഐ ആപ്പ് വഴി ഓട്ടോപേ മാന്‍ഡേറ്റുകള്‍ മാറ്റാനോ, താല്‍ക്കാലികമായി നിര്‍ത്താനോ, റദ്ദാക്കാനോ സാധിക്കും.

ഒന്നിലധികം പ്രതിമാസ ബില്ലുകളുടെ അടവ് തീയതികള്‍ വ്യത്യസ്തമാകുമ്പോള്‍ അവ കൈകാര്യം ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാവാറുണ്ട്. യു.പി.ഐ ഓട്ടോപേയിലൂടെ പേയ്മെന്റുകള്‍ കൃത്യസമയത്ത് അടയ്ക്കുന്നു. കൃത്യസമയത്തുള്ള അടവുകള്‍ കാരണം ലേറ്റ് ചാര്‍ജുകളോ സേവനം വിച്ഛേദിക്കപ്പെടുന്നതോ പോലുള്ള അസൗകര്യങ്ങളും ഒഴിവാക്കാം. ഇത്് എന്‍.പി.സി.ഐയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ യു.പി.ഐയുടെ സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് ഓരോ ഇടപാടും പരിശോധിക്കുകയും ചെയ്യും.