പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റിദ്ധാരണ പരത്തുന്നതും അടിസ്ഥാനരഹിതവും
യുപിഐ ഇടപാടുകള്‍ക്ക് അധിക നിരക്കായ എംഡിആര്‍ ഈടാക്കുമെന്നുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം . ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റിദ്ധാരണ പരത്തുന്നതും അടിസ്ഥാനരഹിതവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വലിയ തുകയ്ക്കുള്ള യുപിഐ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ എംഡിആര്‍ ചുമത്താന്‍ പദ്ധതിയിടുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇത്തരം അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായ അനിശ്ചിതത്വവും സംശയവും സൃഷ്ടിക്കുമെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
യുപിഐ ഇടപാടുകള്‍ കുതിച്ചുയരുന്നു
നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം, മേയ് മാസത്തില്‍ യുപിഐ വഴി 18.68 ബില്യണ്‍ ഇടപാടുകളാണ് നടന്നത്. ഏപ്രിലില്‍ രേഖപ്പെടുത്തിയ ഇടിവില്‍ നിന്ന് വലിയൊരു തിരിച്ചുവരവാണ് ഇത്. മാര്‍ച്ചില്‍ 18.30 ബില്യണ്‍ ഇടപാടുകള്‍ നടന്നിരുന്ന സ്ഥാനത്ത്, ഏപ്രിലില്‍ 17.89 ബില്യണ്‍ ഇടപാടുകളായി കുറഞ്ഞിരുന്നു. മൂല്യം അനുസരിച്ച്, മേയ് മാസത്തില്‍ യുപിഐ വഴിയുള്ള ഇടപാടുകള്‍ 25.14 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
അടുത്തിടെയായി യുപിഐ സേവനങ്ങളില്‍ തടസ്സങ്ങള്‍ നേരിട്ടിരുന്നു. ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് പണമടയ്ക്കാനോ പണം കൈമാറാനോ സാധിച്ചില്ല. ഏപ്രില്‍ 12-ന് ഉണ്ടായ തടസ്സത്തിന് കാരണം എപിഐ അഭ്യര്‍ത്ഥനകളിലെ വര്‍ദ്ധനവാണെന്ന് എന്‍പിസിഐ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ചും ചില ബാങ്കുകള്‍ ചെക്ക് ട്രാന്‍സാക്ഷന്‍ അമിതമായി ഉപയോഗിച്ചതാണ് വേഗത കുറയാനും പേയ്മെന്റ് തടസപെടാനും കാരണമായത്.
ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച്, ഫോണ്‍ പേയും ഗൂഗിള്‍ പേയും യുപിഐ വിപണിയില്‍ 80%-ല്‍ അധികം വിപണി വിഹിതവുമായി ആധിപത്യം തുടരുകയാണ്. ഫ്‌ലിപ്കാര്‍ട്ട് പിന്തുണയുള്ള സൂപ്പര്‍.മണി, നവി, ഭീം, ക്രെഡ് തുടങ്ങിയ പുതിയ കമ്പനികളും ക്യാഷ്ബാക്ക് ഓഫറുകളിലൂടെയും മറ്റ് പ്രോത്സാഹനങ്ങളിലൂടെയും സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. മേയ് മാസത്തെ ആപ്പ് തിരിച്ചുള്ള ഇടപാട് വിവരങ്ങള്‍ എന്‍പിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


