താരിഫ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ കാരണം ആളുകള്‍ ധാരാളമായി സാധനങ്ങള്‍ വാങ്ങി കൂട്ടുന്നുവെന്നാണ് അമേരിക്കയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റശേഷം അമേരിക്ക മറ്റു രാജ്യങ്ങള്‍ക്ക് നേരെ പ്രയോഗിക്കുന്ന താരിഫ് ഭീഷണി ആഗോള സമ്പദ്‌ വ്യവസ്ഥയില്‍ തന്നെ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. താരിഫ് ഭീഷണി പക്ഷേ മറ്റുരാജ്യങ്ങള്‍ക്ക് മാത്രമല്ല ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്, മറിച്ച് അമേരിക്കക്കാര്‍ക്ക് കൂടിയാണ്. താരിഫ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ കാരണം ആളുകള്‍ ധാരാളമായി സാധനങ്ങള്‍ വാങ്ങി കൂട്ടുന്നുവെന്നാണ് അമേരിക്കയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഞ്ചില്‍ ഒരാളും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി കൂട്ടുന്നതാണ് റിപ്പോര്‍ട്ടുകള്‍. മറ്റു രാജ്യങ്ങള്‍ക്ക് നേരെ അമേരിക്ക തീരുവ ഏര്‍പ്പെടുത്തുകയും അതുവഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില കൂടുകയും ചെയ്താല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതം മുന്നില്‍കണ്ടാണ് ഉല്‍പ്പന്നങ്ങള്‍ നേരത്തെ വാങ്ങി വയ്ക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുകയാണെങ്കില്‍ സ്വാഭാവികമായും അവയുടെ ചെലവ് കൂടുന്നതിനും അത് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിനും ആയിരിക്കും കമ്പനികള്‍ ശ്രമിക്കുക.

വീട്ടില്‍ സൂക്ഷിച്ചു വെച്ചാലും കേടു വരാത്ത രീതിയിലുള്ള ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളാണ് ആളുകള്‍ നേരത്തെ വാങ്ങി വയ്ക്കുന്നത്. കേടു വരാത്ത ഭക്ഷണസാധനങ്ങള്‍ ,ടോയ്ലറ്റ് പേപ്പര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ക്രെഡിറ്റ് കാര്‍ഡ്.കോം ആണ് ഇത് സംബന്ധിച്ചു കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

 'ഡൂം സ്പെന്‍ഡിംഗ്' എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്. ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം അല്ലെങ്കില്‍ ഉത്കണ്ഡ കാരണം അമിതമായി വാങ്ങലുകള്‍ നടത്തുന്ന സ്വഭാവത്തെയാണ് ഡൂം സ്പെന്‍ഡിംഗ് എന്ന് വിളിക്കുന്നത്. പലപ്പോഴും സാമ്പത്തിക അസ്ഥിരത, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അല്ലെങ്കില്‍ വരാനിരിക്കുന്ന സാമ്പത്തിക ആശങ്കകള്‍ എന്നിവയാണ് ഡൂം സ്പെന്‍ഡിംഗിന് കാരണം. 23% അമേരിക്കക്കാരും ഈ പ്രവണത തുടരുകയാണെങ്കില്‍ തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം എന്താകും എന്നുള്ള ആശങ്കയിലാണ്