പാകിസ്താന്റെ എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള പങ്കാളിത്തമാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചത്.

നിര്‍ണായക ധാതുക്കള്‍, ഹൈഡ്രോകാര്‍ബണ്‍ തുടങ്ങിയ മേഖലകളില്‍ പാക്കിസ്ഥാനുമായുള്ള സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി യുഎസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് പങ്കാളിത്തം വളര്‍ത്താനും യുഎസ് ആഗ്രഹിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. പാകിസ്താന്‍ സ്വാതന്ത്ര്യദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് റൂബിയോയുടെ പ്രഖ്യാപനം. പാക്-അമേരിക്കന്‍ ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുന്ന ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ തന്ത്രങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും വ്യാപാരബന്ധങ്ങളിലും പാകിസ്താന്റെ പങ്കാളിത്തത്തെ യുഎസ് വളരെയധികം വിലമതിക്കുന്നതായി റൂബിയോ പറഞ്ഞു.

വ്യാപാരത്തിലും ഊര്‍ജ്ജത്തിലും പുതിയ കൂട്ടുകെട്ട്

കഴിഞ്ഞ മാസം, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25% താരിഫും അധിക പിഴകളും ഏര്‍പ്പെടുത്തിയതിന് പിന്നാലെ പാകിസ്താനുമായി പുതിയ വ്യാപാര കരാര്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. പാകിസ്താന്റെ എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള പങ്കാളിത്തമാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചത്. യുഎസ് കമ്പനികള്‍ക്ക് പാകിസ്താനിലെ ഖനന പദ്ധതികളില്‍, പ്രത്യേകിച്ച് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍, നിക്ഷേപം നടത്താന്‍ ഈ കരാര്‍ വഴി തുറക്കും. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും റൂബിയോയുമായി നടത്തിയ ചര്‍ച്ചകളില്‍ ധാതു, ഖനന മേഖലകളിലെ സഹകരണത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

അമേരിക്കയുടെ ഈ നീക്കം മേഖലയില്‍ ചൈനയുടെ സ്വാധീനം ചെറുക്കാനുള്ള തന്ത്രമായും വിലയിരുത്തപ്പെടുന്നു. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് കീഴില്‍ പാകിസ്താനില്‍ നടത്തുന്ന വലിയ നിക്ഷേപങ്ങള്‍ക്ക് ബദലായി നിക്ഷേപം നടത്താനാണ് യുഎസ് ശ്രമിക്കുന്നത്.

സൈനിക നയതന്ത്രവും സജീവമാകുന്നു

പാകിസ്താന്‍ ആര്‍മി ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ അടുത്തിടെയുള്ള യുഎസ് സന്ദര്‍ശനങ്ങള്‍ ഈ അടുപ്പത്തിന്റെ സൂചന നല്‍കുന്നു. രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് മുനീര്‍ അമേരിക്കയിലെത്തിയത്്. ജൂണില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 10-ന് അദ്ദേഹം വീണ്ടും യുഎസിലെത്തി. സാധാരണയായി രാഷ്ട്രത്തലവന്‍മാര്‍ക്ക് മാത്രം ലഭിക്കുന്ന സ്വീകരണമാണ് മുനീറിന് ട്രംപ് നല്‍കിയത്.