അമേരിക്കൻ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആശ്വാസമാകുന്നു. ട്രംപ് ഭരണകൂടം ചുമത്തിയ അധിക തീരുവ നിയമവിരുദ്ധമെന്ന് കണ്ടെത്തിയതോടെ, വ്യാപാരികൾക്ക് ഏകദേശം 12 ബില്യൺ ഡോളർ തിരികെ ലഭിക്കാൻ വഴിയൊരുങ്ങി. വസ്ത്ര, എഞ്ചിനീയറിംഗ് മേഖലകൾക്കാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുക.
അമേരിക്കയിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ വ്യാപാരികള്‍ക്ക് വന്‍ ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അധികമായി ചുമത്തിയ താരിഫ് തുകയില്‍ ഒരു ഭാഗം തിരികെ ലഭിക്കാനുള്ള വഴി തെളിഞ്ഞു. ഏകദേശം 12 ബില്യണ്‍ ഡോളര്‍ (ഏകദേശം 1,11,600 കോടി രൂപ) ഇത്തരത്തില്‍ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ 166 ബില്യണ്‍ ഡോളറിന്റെ അധിക തീരുവ അമേരിക്കന്‍ സുപ്രീം കോടതി നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റീഫണ്ടിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
കണക്കുകള്‍ ഇങ്ങനെ
അമേരിക്ക തിരികെ നല്‍കുന്ന ആകെ തുകയുടെ വലിയൊരു ഭാഗം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ലഭിക്കും. പ്രധാനമായും താഴെ പറയുന്ന മേഖലകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക:
വസ്ത്രവ്യാപാരം : 4 ബില്യണ്‍ ഡോളര്‍ (37,200 കോടി രൂപ)
എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍: 4 ബില്യണ്‍ ഡോളര്‍ (37,200 കോടി രൂപ)
രാസവസ്തുക്കള്‍ : 2 ബില്യണ്‍ ഡോളര്‍ (18,600 കോടി രൂപ)
മറ്റ് മേഖലകള്‍: 2 ബില്യണ്‍ ഡോളര്‍ (18,600 കോടി രൂപ)
ഇന്ത്യയില്‍ നിന്നുള്ള വസ്ത്രങ്ങള്‍ക്കും തുണിത്തരങ്ങള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ തീരുവ അമേരിക്ക ചുമത്തിയിരുന്നത്. അതിനാല്‍ തന്നെ റീഫണ്ട് തുകയിലും വലിയൊരു ഭാഗം ഈ മേഖലയ്ക്കായിരിക്കും.
പണം എങ്ങനെ തിരികെ ലഭിക്കും?
അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഇറക്കുമതിക്കാര്‍ക്കോ, അമേരിക്കന്‍ ബാങ്ക് അക്കൗണ്ടുള്ള അംഗീകൃത കസ്റ്റംസ് ബ്രോക്കര്‍മാര്‍ക്കോ മാത്രമേ റീഫണ്ടിന് അപേക്ഷിക്കാന്‍ കഴിയൂ. ഇന്ത്യന്‍ കയറ്റുമതിക്കാരും അമേരിക്കയിലെ വാങ്ങുന്നവരും തമ്മിലുള്ള കരാര്‍ അനുസരിച്ചായിരിക്കും പണം ലഭിക്കുക. പണം നേരിട്ട് നല്‍കാതെ, അടുത്ത ഓര്‍ഡറുകളില്‍ വില കുറച്ചു നല്‍കിക്കൊണ്ട് ഈ തുക ക്രമീകരിക്കാനാണ് സാധ്യതയെന്ന് എന്‍ജിനീയറിങ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ കുത്തനെ കൂട്ടിയത്. 10 ശതമാനത്തില്‍ തുടങ്ങിയ തീരുവ ഓഗസ്റ്റ് ആയപ്പോഴേക്കും 50 ശതമാനം വരെയായി ഉയര്‍ന്നു. ഫെബ്രുവരി 6-ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചയില്‍ ഈ തീരുവ 18 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഫെബ്രുവരി 20-ന് അമേരിക്കന്‍ സുപ്രീം കോടതി ഈ തീരുവ വര്‍ദ്ധനവ് തന്നെ നിയമവിരുദ്ധമാണെന്ന് വിധി പുറപ്പെടുവിച്ചു. ഇതോടെയാണ് 2025 ഓഗസ്റ്റ് മുതല്‍ 2026 ഫെബ്രുവരി വരെ വ്യാപാരികള്‍ അധികമായി നല്‍കിയ തുക തിരികെ ലഭിക്കാന്‍ സാഹചര്യമൊരുങ്ങിയത്. വലിയ കമ്പനികള്‍ക്ക് അമേരിക്കയില്‍ സ്വന്തമായി ഓഫീസുകള്‍ ഉള്ളതിനാല്‍ അവര്‍ക്ക് ഈ തുക എളുപ്പത്തില്‍ കൈപ്പറ്റാന്‍ സാധിക്കും. ചെറുകിട വ്യാപാരികള്‍ തങ്ങളുടെ അമേരിക്കന്‍ ഇടപാടുകാരുമായി ബന്ധപ്പെട്ട് റീഫണ്ട് ഉറപ്പാക്കേണ്ടി വരും.


