മൃഗക്കടത്ത് അല്ലെങ്കിൽ വെളുപ്പിക്കൽ എന്നീ ആരോപണങ്ങളിൽ കഴമ്പില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. ശരിക്കും എന്താണ് വന്താര?

ന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനി സ്ഥാപിച്ച വന്താര എന്ന മൃഗ സംരക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. വന്താരയ്ക്ക് എതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അഭിഭാഷകനായ സി.ആർ. ജയ സുകിൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരി​ഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ നടപടി. കള്ളപ്പണം വെളുപ്പിക്കൽ, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മൃഗങ്ങളെ, പ്രത്യേകിച്ച് ആനകളെ, വാങ്ങുന്നത് വന്യജീവി സംരക്ഷണ നിയമത്തിന്റെയും മറ്റ് ബാധകമായ നിയമങ്ങളുടെയും നിബന്ധനകൾ പാലിക്കുന്നില്ല തുടങ്ങി വന്താരയ്ക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ മൂന്ന് ദിവസം മുൻപ് സുപ്രീം കോടതി വന്താരയ്ക്ക് ക്ലീൻ ചിറ്റ് നൽകി. എന്താണ് യഥാർത്ഥത്തിൽ വന്താരയിൽ നടക്കുന്നത്?

എസ്‌ഐടിയുടെ കണ്ടെത്തൽ

ഗുജറാത്തിലെ ജാംനഗറിൽ പ്രവർത്തിക്കുന്ന വന്താരയുടെ നടത്തിപ്പിൽ നിയമലംഘനം നടന്നിട്ടില്ലെന്നാണ് സുപ്രീം കോടതി നിയമിച്ച, വിരമിച്ച ജഡ്ജി ജെ ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിയുടെ കണ്ടെത്തൽ. കേസ് അവസാനിപ്പിക്കുക മാത്രമല്ല, സമാനമായ ആരോപണങ്ങളെക്കുറിച്ചുള്ള കൂടുതൽ പരാതികൾ ഏതെങ്കിലും ജുഡീഷ്യൽ സ്റ്റാറ്റ്യൂട്ടറി അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഫോറത്തിന് മുമ്പാകെ പരിഗണിക്കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. മൃഗങ്ങളെ സ്വന്തമാക്കൽ, കള്ളക്കടത്ത്, വെളുപ്പിക്കൽ, ക്ഷേമവും വളർത്തലും, സംരക്ഷണവും പ്രജനനവും, കാലാവസ്ഥാ, സ്ഥല പ്രശ്നങ്ങൾ, സാമ്പത്തിക, വ്യാപാര അനൗചിത്യങ്ങൾ തുടങ്ങിയ മുഴുവൻ ആരോപണങ്ങളും അന്വേഷിച്ച എസ്‌ഐടി ഒരു തെറ്റും കണ്ടെത്തിയില്ല. നിയമലംഘനമില്ലെന്നും മൃഗക്കടത്ത് അല്ലെങ്കിൽ വെളുപ്പിക്കൽ എന്നീ ആരോപണങ്ങളിൽ കഴമ്പില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. ശരിക്കും എന്താണ് വന്താര?

വന്താരയുടെ ലക്ഷ്യം

വന്താര എന്നാൽ കാടിൻ്റെ നക്ഷത്രം. ഇത് ഒരു മൃഗശാലയോ മൃഗാശുപത്രിയോ അല്ല, മറിച്ച് ഇന്ത്യയിലും വിദേശത്തും പരിക്കേറ്റതും ഉപദ്രവിക്കപ്പെട്ടതും ഭീഷണിപ്പെടുത്തുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സംരംഭമാണ്. ഗുജറാത്തിലെ റിലയൻസിൻ്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിൻ്റെ അകത്ത് സ്ഥിതി ചെയ്യുന്ന വൻതാര 3000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു, രക്ഷിക്കുന്ന മൃഗങ്ങൾക്ക് ആശ്വാസം നല്കാൻ വളരെ സൂക്ഷ്മമായി രൂപകൽപ്പന ചെയ്‌ത പാർപ്പിടങ്ങളാണ് ഒരുക്കുന്നത്.

ആനകളിലെ സന്ധിവാതം ചികിത്സിക്കുന്നതിനുള്ള വലിയ ആന ജക്കൂസി, മൃഗഡോക്ടർമാർ, ജീവശാസ്ത്രജ്ഞർ, പാത്തോളജിസ്റ്റുകൾ, പോഷകാഹാര വിദഗ്ധർ, പ്രകൃതിശാസ്ത്രജ്ഞർ എന്നിവരുൾപ്പെടെ 500-ലധികം ആളുകൾ ഉൾപ്പെടുന്ന പരിശീലനം ലഭിച്ച ജീവനക്കാർ, 14,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രത്യേക അടുക്കള, ഓരോ ആനയ്ക്കും അവയുടെ ആരോഗ്യം ഉൾപ്പെടെയുള്ള ഏറ്റവും ആവശ്യമായ ശാരീരിക ആവശ്യങ്ങൾ കണക്കിലെടുത്ത് ഭക്ഷണം എന്നിവ ഇവിടെയുണ്ട്.

3000 ഏക്കറിനുള്ളിൽ 650 ഏക്കറിലധികം വരുന്ന ഒരു റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെൻ്റർ നിർമ്മിച്ചിട്ടുണ്ട്. റോഡപകടങ്ങളിലോ മനുഷ്യ-വന്യ സംഘട്ടനങ്ങളിലോ പരിക്കേറ്റ 200 ഓളം പുള്ളിപ്പുലികളെ ഇവിടെ സംരക്ഷിക്കും. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രിയും മെഡിക്കൽ ഗവേഷണ കേന്ദ്രവും ഈ കേന്ദ്രത്തിനുണ്ട്. ഐസിയു, എംആർഐ, സിടി സ്കാൻ, എക്സ്-റേ, അൾട്രാസൗണ്ട്, എൻഡോസ്കോപ്പി, ഡെൻ്റൽ സ്കെയിലർ, ലിത്തോട്രിപ്സി, ഡയാലിസിസ്, ശസ്ത്രക്രിയകൾ, ബ്ലഡ് പ്ലാസ്മ സെപ്പറേറ്റർ എന്നിവയ്ക്കായി തത്സമയ വീഡിയോ കോൺഫറൻസുകൾ സാധ്യമാക്കുന്ന സാങ്കേതികവിദ്യയുള്ള ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ആശുപത്രിയിലും ഗവേഷണ കേന്ദ്രത്തിലും ഉണ്ട്. 43 ഇനങ്ങളിലായി 2000-ലധികം മൃഗങ്ങൾ റെസ്ക്യൂ & റീഹാബിലിറ്റേഷൻ സെൻ്ററിൻ്റെ സംരക്ഷണത്തിലാണ്.

3,000 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് കൃത്രിമ വനാന്തരീക്ഷം ഒരുക്കിയാണ് മൃ​ഗങ്ങളു‌ടെ പുനരധിവാസം ന‌ടപ്പിലാക്കുന്നത്. പ്രകൃതിദത്തവും സമ്പുഷ്ടവും ഹരിതവുമായ ആവാസ വ്യവസ്ഥ മൃഗങ്ങൾക്ക് സൃഷ്ടിച്ചു നൽകുകയാണ് വൻതാര പദ്ധതിയിലൂടെ ചെയ്യുന്നത്. വിദ്​ഗ്ദരു‌ടെ മേൽനോട്ടത്തിലായിരിക്കും നടത്തിപ്പ്. മൃ​ഗങ്ങളു‌ടെ ആരോ​ഗ്യ സംരക്ഷണത്തിനായി അത്യാധുനിക ആശുപത്രികൾ, ഗവേഷണ കേന്ദ്രങ്ങൾ, അക്കാദമിക് കേന്ദ്രങ്ങൾ എന്നിവയും ഇതിൻറെ ഭാ​ഗമായി ഉണ്ടാകും. ഇൻറർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ), വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യുഡബ്ല്യുഎഫ്) തുടങ്ങിയ പ്രശസ്ത രാജ്യാന്തര സർവകലാശാലകളും സംഘടനകളും വൻതാര പദ്ധതിയിൽ സഹകരിക്കുന്നുണ്ട്.