മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ സംരംഭത്തില്‍ 25 ബില്യണ്‍ ഡോളര്‍ വാള്‍മാര്‍ട്ട് നിക്ഷേപിക്കും. ദി മിന്റ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരു കമ്പനികളും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതായാണ് വിവരം.

ടാറ്റയുടെയും വാള്‍മാര്‍ട്ടിന്റെയും സംയുക്ത സംരംഭമായിട്ടാവും സൂപ്പര്‍ ആപ്പ് വരിക. ടാറ്റയുടെ ഇ-കൊമേഴ്‌സ് യൂണിറ്റിന്റെയും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്പ്കാര്‍ട്ടിന്റെയും കൂട്ടായ പ്രവര്‍ത്തനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജിയോ പ്ലാറ്റ്‌ഫോമില്‍ സമീപകാലത്ത് വന്‍ നിക്ഷേപ സമാഹരണം നടത്താന്‍ മുകേഷ് അംബാനിക്ക് സാധിച്ചിരുന്നു. 20 ബില്യണ്‍ ഡോളറാണ് ഫെയ്‌സ്ബുക്ക്, ആല്‍ഫബെറ്റ്, കെകെആര്‍, സില്‍വര്‍ ലേക് തുടങ്ങിയ കമ്പനികളില്‍ നിന്ന് സമാഹരിച്ചത്.

വാള്‍മാര്‍ട്ടിന്റെ ടാറ്റ സംരംഭത്തിലെ നിക്ഷേപം 20 ബില്യണ്‍ ഡോളര്‍ മുതല്‍ 25 ബില്യണ്‍ ഡോളര്‍ വരെയായിരിക്കും. ഡിസംബറിലോ ജനുവരിയിലോ ആയിരിക്കും സൂപ്പര്‍ ആപ്പ് ലോഞ്ച് ചെയ്യുക. ടാറ്റയുടെ കണ്‍സ്യൂമര്‍ ബിസിനസ് ഇതോടെ ഒരൊറ്റ കുടക്കീഴിലാവും. 

ഈ ഇടപാട് യാഥാര്‍ത്ഥ്യമായാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിനേക്കാള്‍ ഉയര്‍ന്ന തുകയായിരിക്കും ടാറ്റയുടെ ബിസിനസില്‍ വാള്‍മാര്‍ട്ട് നിക്ഷേപിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ 16 ബില്യണ്‍ ഡോളറായിരുന്നു നിക്ഷേപം നടത്തിയത്. നിര്‍ദ്ദിഷ്ട ഇടപാടിന് വേണ്ടി ഗോള്‍ഡ്മാന്‍ ആന്റ് സാക്‌സിന്റെ സേവനം വാള്‍മാര്‍ട്ട് തേടിയെന്നാണ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.