പാരാമൗണ്ടുമായുള്ള ലയനത്തിന് അനുമതി നല്‍കി വാര്‍ണര്‍ ബ്രദേഴ്‌സ് ഓഹരിയുടമകള്‍. ഈ വമ്പന്‍ ഇടപാട് എച്ച്ബിഒ മാക്‌സ്, പാരാമൗണ്ട് പ്ലസ് തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളെയും സിഎന്‍എന്‍, സിബിഎസ് പോലുള്ള വാര്‍ത്താ ചാനലുകളെയും ഒരു കുടക്കീഴിലാക്കും. ഇത് ഹോളിവുഡിലെ മത്സരത്തെയും മാധ്യമരംഗത്തെയും അടിമുടി മാറ്റിയെഴുതും.

ലോകസിനിമയിലും മാധ്യമരംഗത്തും വമ്പന്‍ പൊളിച്ചെഴുത്തിന് വഴിയൊരുക്കി പാരാമൗണ്ടുമായുള്ള ലയനത്തിന് അനുമതി നല്‍കി വാര്‍ണര്‍ ബ്രദേഴ്‌സ് ഓഹരിയുടമകളുടെ യോഗം. 8100 കോടി ഡോളറാണ് (ഏകദേശം 7.53 ലക്ഷം കോടി രൂപ) പാരമൗണ്ട് ഇതിനായി മുടക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ മറ്റ് ബാധ്യതകള്‍ കൂടി കണക്കിലെടുത്താല്‍ ലയനത്തിന്റെ ആകെ മൂല്യം 11,100 കോടി ഡോളറിലെത്തും (ഏകദേശം 10.32 ലക്ഷം കോടി രൂപ). സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധന കൂടി പൂര്‍ത്തിയായാല്‍ ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലയനങ്ങളിലൊന്നായി ഇത് മാറും. സ്‌കൈഡാന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പാരാമൗണ്ട്.

ഒന്നിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകള്‍

സിനിമ പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട എച്ച്ബിഒ മാക്‌സും പാരാമൗണ്ട് പ്ലസും ഇനി ഒരു പ്ലാറ്റ്ഫോമായി മാറും. പേര് എന്ത് നല്‍കുമെന്ന് നിശ്ചയിച്ചിട്ടില്ലെങ്കിലും രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലെയും സിനിമകളും സീരീസുകളും ഒരിടത്ത് തന്നെ കാണാനാകും. എന്നാല്‍ 'എച്ച്ബിഒ' എന്ന ബ്രാന്‍ഡ് അതിന്റെ തനിമയോടെ തന്നെ നിലനിര്‍ത്തുമെന്ന് പാരാമൗണ്ട് സിഇഒ ഡേവിഡ് എലിസണ്‍ അറിയിച്ചു. 'ഗെയിം ഓഫ് ത്രോണ്‍സ്', 'ഹാരി പോട്ടര്‍', 'ബാര്‍ബി', 'സൂപ്പര്‍മാന്‍' തുടങ്ങിയ വാര്‍ണര്‍ ബ്രദേഴ്‌സ് ചിത്രങ്ങളും 'ടോപ് ഗണ്‍', 'ടൈറ്റാനിക്', 'ഗോഡ്ഫാദര്‍' തുടങ്ങിയ പാരാമൗണ്ട് ഹിറ്റുകളും ഇനി ഒരേ പ്ലാറ്റ്ഫോമിലെത്തും.

വിപണിയില്‍ ഇനി വലിയ സ്രാവുകള്‍

നേരത്തെ ഹോളിവുഡ് അടക്കിവാണിരുന്ന ആറ് പ്രമുഖ സ്റ്റുഡിയോകള്‍ ഡിസ്‌നി- ഫോക്‌സ് ലയനത്തോടെ അഞ്ചായി ചുരുങ്ങിയിരുന്നു. പുതിയ മാറ്റത്തോടെ ഇത് നാലായി മാറും (ബിഗ് ഫോര്‍). നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി പ്ലസ്, ആമസോണ്‍ പ്രൈം എന്നിവരോട് മത്സരിക്കാന്‍ ഈ ലയനം പാരാമൗണ്ടിനെ സഹായിക്കും. എങ്കിലും പ്ലാറ്റ്ഫോമുകള്‍ കുറയുന്നതോടെ സബ്സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിക്കുമോ എന്ന ആശങ്ക ഉപഭോക്താക്കള്‍ക്കിടയിലുണ്ട്.

സിഎന്‍എന്നും സിബിഎസും ഒന്നിലേക്ക്

വാര്‍ത്താ ലോകത്തും ഈ ലയനം വന്‍ മാറ്റങ്ങള്‍ കൊണ്ടുവരും. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ സിഎന്‍എന്നും സിബിഎസും ഇനി പാരാമൗണ്ടിന് കീഴിലാകും. ഡോണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധമുള്ളവരാണ് പുതിയ ഉടമസ്ഥരായ എലിസണ്‍ കുടുംബം എന്നതിനാല്‍, സിഎന്‍എന്നിന്റെ സ്വതന്ത്ര നിലപാടിനെ ഇത് ബാധിക്കുമോ എന്ന സംശയം മാധ്യമരംഗത്തെ വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.

ചാനലുകളുടെ പൂരം

ഡിസ്‌കവറി, ടിഎന്‍ടി, കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക്, അനിമല്‍ പ്ലാനറ്റ്, ഫുഡ് നെറ്റ്വര്‍ക്ക് തുടങ്ങിയ വാര്‍ണര്‍ ചാനലുകളും, നിക്കലോഡിയന്‍, എംടിവി, കോമഡി സെന്‍ട്രല്‍ തുടങ്ങിയ പാരാമൗണ്ട് ചാനലുകളും ഇനി ഒരേ മാനേജ്മെന്റിന് കീഴിലാകും. ലോക വിപണിയില്‍ വാര്‍ണര്‍ ബ്രദേഴ്‌സിന് വന്‍ മുന്നേറ്റമുള്ള സമയത്താണ് ഈ മാറ്റം. കഴിഞ്ഞ വര്‍ഷം 30 ഓസ്‌കര്‍ നോമിനേഷനുകളാണ് വാര്‍ണര്‍ ചിത്രങ്ങള്‍ സ്വന്തമാക്കിയത്. തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്ത് 45 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ എത്തിക്കൂ എന്ന നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് പുതിയ ഉടമസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.