Asianet News MalayalamAsianet News Malayalam

'താക്കോൽ ഉടമയുടെ കയ്യിൽ, അകത്തുള്ളത് കാണാനില്ല', കൊടുങ്ങല്ലൂരിൽ സഹകരണ ബാങ്ക് ലോക്കറിലെ 60 പവൻ എവിടെ?, പരാതി

കൊടുങ്ങല്ലൂരിൽ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാതായതായി പരാതി

Where is 60 sovereign gold in Kodungallur Co operative Bank Locker Complaint ppp
Author
First Published Sep 22, 2023, 8:52 AM IST

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിൽ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാതായതായി പരാതി. 60 പവനോളം തൂക്കമുള്ള ആഭരണങ്ങളാണ് കാണാതായത്. ബെംഗളൂരുവില്‍ താമസിക്കുന്ന സുനിതയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ താക്കോൽ ലോക്കർ ഇടപാടുകാരന്റെ കൈവശവും, മാസ്റ്റർ കീ ബാങ്കിലുമാണുണ്ടാകുക. രണ്ട് താക്കോലുകളും ഉപയോഗിച്ച് മാത്രമേ ലോക്കർ തുറക്കാനാവുകയുള്ളു. പിന്നെങ്ങനെയാണ് കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന 60 പവൻ കാണാതായത് എന്നാണ് ഉയരുന്ന ചോദ്യം.

ബെംഗളൂരുവില്‍ കുടുംബസമേതം താമസിക്കുകയാണ് സുനിത. നാട്ടിലെത്തി ബാങ്ക് ലോക്കർ തുറന്നപ്പോഴാണ് സ്വർണത്തിൽ കുറവുള്ളതായി ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആഭരണങ്ങൾ കൂടുതലായും ലോക്കറിൽ സൂക്ഷിച്ചതെന്ന് സുനിത പറയുന്നു. കൊടുങ്ങല്ലൂര്‍ പൊലീസില്‍ സുനിത പരാതി നല്‍കി. ബാങ്ക് ലോക്കറിലെ സ്വർണം നഷ്ടപ്പെട്ടതായുള്ള ആക്ഷേപത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടൗൺ ബാങ്ക് അധികൃതരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read more:  ബീവറേജസ് ഔട്ട്‍ലെറ്റിൽ വിജിലൻസ് റെയ്ഡ്; നാല്‍പത്തിനായിരം രൂപ പിടിച്ചെടുത്തു, മദ്യത്തിൻ്റെ അളവിലും ക്രമക്കേട്

അതേസമയം, കരുവന്നൂർ കള്ളപ്പണ കേസിൽ എ.സി മൊയ്തീൻ അടക്കമുള്ള സിപിഎം ഉന്നതർക്കെതിരെ ഇഡി നടപടി കടുപ്പിക്കുമ്പോൾ പൊലീസിന്‍റെ അസാധാരണ നടപടി. കരുവന്നൂർ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സിപിഎം നേതാവ് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി. ആർ അരവിന്ദാക്ഷൻ നൽകിയ പരാതി പരിശോധിക്കാൻ പൊലീസ് സംഘം പരാതി കിട്ടിയതിന് പിന്നാലെ ഇഡി ഓഫീസിലെത്തി.

വൈകിട്ട് 4.30തോടെയാണ് പൊലീസ് സംഘം കൊച്ചി എൻഫോഴ്സ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയത്. പൊലീസിനെ കണ്ട് ഉദ്യോഗസ്ഥരും അമ്പരന്നു. അരമണിക്കൂർ കൊണ്ട് പ്രാഥമിക പരിശോധന പൂർത്തിയാക്കി കൊച്ചി പൊലീസ് മടങ്ങി. കള്ളപ്പണ കേസിൽ വ്യാജ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നാണ് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ പറയുന്നത്. എന്നാൽ പരാതി ഇഡി ഉദ്യോഗസ്ഥർ നിഷേധിക്കുകയാണ്. ചോദ്യം ചെയ്യൽ വീഡിയോ ക്യാമറയ്ക്ക് മുന്നിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. 

നേരത്തെ സ്വർണ്ണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ അന്വേഷണം വന്നതോടെ സമാനമായ രീതിയിൽ വ്യാജ മൊഴി നൽകാൻ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടികാട്ടി ഇഡി ഉദ്യോഗസ്ഥരെ പ്രതിയാക്കി പൊലീസ് കേസ് എടുത്തിരുന്നു. വിഷയം കോടതിയിലുമെത്തി. സമാനമായ ഏറ്റുമുട്ടലാണ് സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസിയും തമ്മിൽ ഉണ്ടാകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios