മണിപ്പാല്‍ ഹോസ്പിറ്റല്‍സ്, കാവേരി ഹോസ്പിറ്റല്‍, ഏഷ്യ ഹെല്‍ത്ത്‌കെയര്‍ ഹോള്‍ഡിങ്സ്, ഇന്ദിര ഐ.വി.എഫ്, ക്ലൗഡ്നൈന്‍, പാരാസ് ഹോസ്പിറ്റല്‍സ്, യശോദ ഹോസ്പിറ്റല്‍സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് വിപണി പ്രവേശനത്തിന് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ആശുപത്രികള്‍, ഐ.വി.എഫ്. ശൃംഖലകള്‍, മറ്റ് ആരോഗ്യ സേവന സ്ഥാപനങ്ങള്‍ എന്നിവ ഓഹരി വിപണിയിലേക്ക് പ്രവേശിക്കാന്‍ മത്സരിക്കുന്നതായി കണക്കുകള്‍. 2026-ഓടെ ആരോഗ്യമേഖല പ്രാഥമിക ഓഹരി വില്‍പന വഴി ഏകദേശം 20,000 കോടി രൂപ സമാഹരിക്കാന്‍ സാധ്യതയുണ്ടെന്നാണ് 'ഇക്കണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ആരോഗ്യരംഗത്തെ കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള തിരക്കിലാണ്. നിക്ഷേപകര്‍ക്ക് ഈ മേഖലയിലുള്ള വര്‍ധിച്ച താല്‍പ്പര്യം, ആശുപത്രികളുടെ മെച്ചപ്പെട്ട സാമ്പത്തിക അടിത്തറ, ദീര്‍ഘകാല വളര്‍ച്ച ഉറപ്പുള്ള വിപണി എന്നിവയെല്ലാം ഈ ശ്രമങ്ങള്‍ക്ക് പിന്നിലുണ്ട്. മണിപ്പാല്‍ ഹോസ്പിറ്റല്‍സ്, കാവേരി ഹോസ്പിറ്റല്‍, ഏഷ്യ ഹെല്‍ത്ത്‌കെയര്‍ ഹോള്‍ഡിങ്സ്, ഇന്ദിര ഐ.വി.എഫ്, ക്ലൗഡ്നൈന്‍, പാരാസ് ഹോസ്പിറ്റല്‍സ്, യശോദ ഹോസ്പിറ്റല്‍സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് വിപണി പ്രവേശനത്തിന് ലക്ഷ്യമിടുന്നത്.

എന്താണ് ഈ ഐ.പി.ഒ. പ്രളയത്തിന് പിന്നില്‍?

ആശുപത്രികളെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളെയും ഓഹരി വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്.

1. മികച്ച സാമ്പത്തിക സ്ഥിതിയും മൂല്യനിര്‍ണ്ണയവും

ആശുപത്രി ശൃംഖലകളും പ്രത്യേക ആരോഗ്യ സേവന ദാതാക്കളും സ്ഥിരമായ വളര്‍ച്ച, ലാഭക്ഷമതയിലെ വര്‍ധന, മെച്ചപ്പെട്ട വരുമാനം എന്നിവ കാണിക്കുന്നുണ്ട്. ഇത് പൊതു നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പ്രധാന കാരണമാണ്. ഐ.പി.ഒ. വഴി പണം സമാഹരിച്ച് കടം കുറയ്ക്കാനും പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വികസിപ്പിക്കാനും കമ്പനികള്‍ക്ക് സാധിക്കുന്നു.

2. കുറഞ്ഞ സൗകര്യങ്ങളും വളര്‍ച്ചാ സാധ്യതയും

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ആരോഗ്യമേഖലയില്‍ ഇപ്പോഴും വലിയ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. ജി.ഡി.പി.യുടെ ഏകദേശം 3% മാത്രമാണ് ഇന്ത്യ ആരോഗ്യത്തിനായി ചെലവഴിക്കുന്നത്. ഓരോ പൗരനും ലഭ്യമായ ആശുപത്രി കിടക്കകളുടെ എണ്ണത്തില്‍ മലേഷ്യ, തായ്ലന്‍ഡ് പോലുള്ള രാജ്യങ്ങളെക്കാള്‍ നാം പിന്നിലാണ്. ഈ കുറവുകള്‍ തന്നെയാണ് വലിയ വളര്‍ച്ചയ്ക്ക് സാധ്യത നല്‍കുന്നത്. ഐ.വി.എഫ്. പോലുള്ള സേവന ദാതാക്കള്‍ക്ക് പോലും വലിയ രീതിയില്‍ വളരാനും ലിസ്റ്റിംഗിന് ആവശ്യമായ വലുപ്പത്തില്‍ എത്താനും ഇത് അവസരം നല്‍കുന്നു. കുറഞ്ഞ ചികിത്സാച്ചെലവ് കാരണം വിദേശ രോഗികളെ ആകര്‍ഷിക്കുന്ന 'മെഡിക്കല്‍ ടൂറിസം' സാധ്യതയും ഈ മേഖലയ്ക്ക് അനുകൂലമാണ്.

3. പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ ആശുപത്രികളില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതൊരു വഴിത്തിരിവാണ. നിക്ഷേപകര്‍ക്ക് ലാഭം നേടാനും ആശുപത്രികള്‍ക്ക് കൂടുതല്‍ പണം ലഭിക്കുന്നതോടെ പുതിയ സൗകര്യങ്ങള്‍ ഒരുക്കാനും മറ്റ് സ്ഥാപനങ്ങളെ ഏറ്റെടുക്കാനും കടങ്ങള്‍ തീര്‍ക്കാനും ഇത് വഴി സാധിക്കുന്നു.

4. പ്രത്യേക ചികിത്സാ സേവനങ്ങളുടെ വളര്‍ച്ച

പലവിധ ചികിത്സകള്‍ നല്‍കുന്ന വലിയ ആശുപത്രികള്‍ മാത്രമല്ല, ഒരു പ്രത്യേക ചികിത്സയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങളും വിപണിയിലേക്ക് എത്തുന്നുണ്ട്. ഡയാലിസിസ് പോലുള്ള വൃക്കരോഗ ചികിത്സയില്‍ ശ്രദ്ധിക്കുന്ന നെഫ്രോകെയര്‍, അല്ലെങ്കില്‍ ഐ.വി.എഫ്./വന്ധ്യതാ ചികിത്സാ ശൃംഖലകള്‍ എന്നിവ ഉദാഹരണമാണ്. ഈ പ്രത്യേക വിഭാഗങ്ങള്‍ നിക്ഷേപകര്‍ക്ക് വ്യത്യസ്തമായ, ആകര്‍ഷകമായ വളര്‍ച്ചാ സാധ്യത നല്‍കുന്നു.

5. സര്‍ക്കാര്‍ നയങ്ങള്‍

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പോലുള്ള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൂടുതല്‍ ആളുകള്‍ക്ക് ചികിത്സാ സൗകര്യം നല്‍കുന്നു. ഇത് പരോക്ഷമായി സ്വകാര്യ ആശുപത്രികളിലെ ആവശ്യകത വര്‍ധിപ്പിക്കുന്നു. സ്വകാര്യ-പൊതു പങ്കാളിത്തത്തിലൂടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളും ആരോഗ്യമേഖലയിലെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്.

ശ്രദ്ധിക്കണം, അപകടസാധ്യതകളുമുണ്ട്!

ഇതിനിടയിലും ചില വെല്ലുവിളികളുണ്ട്. അടുത്ത കാലത്ത് ചില ആരോഗ്യമേഖലയിലെ ഐ.പി.ഒ.കള്‍ പ്രതീക്ഷിച്ചത്ര സ്വീകാര്യത നേടിയില്ല. നിക്ഷേപകര്‍ മൂല്യനിര്‍ണ്ണയം, അതായത് കമ്പനിയുടെ വില, കൂടുതലാണോ എന്ന് ശ്രദ്ധിക്കുന്നുണ്ട്. പെട്ടെന്നുള്ള ലിസ്റ്റിംഗ് ലാഭത്തെക്കാള്‍ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളാണ് കമ്പനികള്‍ ഇപ്പോള്‍ ഊന്നിപ്പറയുന്നത്. ചുരുക്കത്തില്‍, ഇന്ത്യന്‍ ആരോഗ്യരംഗം ഇന്ന് ചെറുകിട സ്ഥാപനങ്ങളില്‍ നിന്ന് വലിയ, സംഘടിതമായ സംരംഭങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ശക്തമായ സാമ്പത്തിക അടിത്തറ, സ്വകാര്യ നിക്ഷേപത്തിന്റെ പിന്‍ബലം, വര്‍ധിച്ചുവരുന്ന ചികിത്സാ ആവശ്യകത എന്നിവ കാരണം, ഐ.പി.ഒ. എന്നത് വളര്‍ച്ചയ്ക്കുള്ള തന്ത്രപരമായ വഴിയായി ആശുപത്രികള്‍ കാണുന്നു.

(നിയമപരമായ മുന്നറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടുക)