കാലാവസ്ഥാ വ്യതിയാനം ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ വിപണിയെ സാരമായി ബാധിക്കുന്നു. മഞ്ഞുവീഴ്ച കുറയുന്നതും അപ്രതീക്ഷിത മഴയും കാരണം ഈ വര്‍ഷം ഉല്‍പ്പാദനത്തില്‍ 40% ഇടിവുണ്ടാകുമെന്നാണ് കണക്ക്. ഇത് രണ്ടര ലക്ഷത്തോളം കര്‍ഷക കുടുംബങ്ങളുടെ ഉപജീവനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
'ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം' എന്നാണ് ചൊല്ല്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ഇങ്ങനെ തുടര്‍ന്നാല്‍ ഡോക്ടറെ അകറ്റാന്‍ ആപ്പിളുകള്‍ ബാക്കിയുണ്ടാകില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഹിമാചല്‍ പ്രദേശിലെ 5,000 കോടി രൂപയുടെ ആപ്പിള്‍ വിപണിയാണ് സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നത്. താളംതെറ്റിയ കാലാവസ്ഥ കാരണം ഈ വര്‍ഷം ആപ്പിള്‍ ഉല്‍പ്പാദനത്തില്‍ 40 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന രണ്ടര ലക്ഷത്തോളം കര്‍ഷക കുടുംബങ്ങളുടെ ഉപജീവനത്തെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍ പ്രകാരം 2026-ല്‍ ആപ്പിള്‍ ഉല്‍പ്പാദനം 4.36 ലക്ഷം മെട്രിക് ടണ്ണായി (ഏകദേശം 2.15 കോടി ബോക്‌സുകള്‍) കുറയും. 2025-ല്‍ ഇത് 6.99 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. അതായത് 2.63 ലക്ഷം മെട്രിക് ടണ്ണിന്റെ വന്‍ കുറവ്. സ്വാഭാവികമായും സംസ്ഥാനത്തെ ആപ്പിള്‍ വിപണിയും ഇതിന് ആനുപാതികമായി ചുരുങ്ങും.
കാരണമെന്ത്?
ശൈത്യകാലത്ത് ആവശ്യത്തിന് മഞ്ഞുവീഴ്ച ലഭിക്കാത്തതും, വസന്തകാലത്തെ അപ്രതീക്ഷിത മഴയും, അടിക്കടിയുണ്ടാകുന്ന ആലിപ്പഴ വീഴ്ചയും, താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങളുമാണ് ഉല്‍പ്പാദനം കുത്തനെ കുറയാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.കാലാവസ്ഥാ പ്രശ്‌നങ്ങള്‍ക്കൊപ്പം വളം, മരുന്ന്, യന്ത്രങ്ങള്‍ എന്നിവയുടെ വില വര്‍ധിച്ചത് കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായി. ചെലവ് കൂടുമ്പോഴും വിളവ് കുറയുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.
വില്ലനായി കുറയുന്ന തണുപ്പ്
പരമ്പരാഗത ആപ്പിള്‍ ഇനങ്ങള്‍ക്ക് 7 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനിലയില്‍ 1,200 മുതല്‍ 1,600 മണിക്കൂര്‍ വരെ നേരം തണുപ്പ് ആവശ്യമാണ്. നേരത്തെ വിളവെടുക്കുന്ന ഇനങ്ങള്‍ക്ക് ഇത് ഏകദേശം 600 മണിക്കൂറാണ്. എന്നാല്‍ ചൂട് കൂടിയതോടെ ഇത്രയും സമയം തുടര്‍ച്ചയായി തണുപ്പ് ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് ഫ്രൂട്ട് വെജിറ്റബിള്‍ ഫ്‌ലവര്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.
ഇനിയെന്ത്?
നഷ്ടം നികത്താനും പിടിച്ചുനില്‍ക്കാനും ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. ഇതിനൊപ്പം വിള ഇന്‍ഷുറന്‍സ് പദ്ധതികളെക്കുറിച്ച് കര്‍ഷകര്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ആപ്പിളിനെ മാത്രമല്ല മറ്റ് പഴങ്ങളെയും കാലാവസ്ഥാ വ്യതിയാനം ബാധിച്ചിട്ടുണ്ട്. ആപ്രിക്കോട്ട്, ചെറി, പീച്ച്, പ്ലം തുടങ്ങിയ പഴങ്ങളുടെ ഉല്‍പ്പാദനവും ഈ വര്‍ഷം നേരിയ തോതില്‍ കുറയുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം 24,622 മെട്രിക് ടണ്‍ ആയിരുന്ന ഉല്‍പ്പാദനം ഈ വര്‍ഷം 23,000 മെട്രിക് ടണ്ണായി കുറയുമെന്നാണ് വിലയിരുത്തല്‍. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിനും പ്രധാന കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.


