സെൻട്രൽ ബാങ്കിന്റെ റിസർവിലുള്ള ഒൻപത് ബില്യൺ ഡോളർ ഭരണകൂടത്തിന് തൊടാൻ പോലും കഴിഞ്ഞിട്ടില്ല. ലോകബാങ്കിൽ നിന്നും അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിൽ നിന്ന് പോലും രാജ്യത്തിന് പണം കിട്ടുന്നില്ല.

കാബൂള്‍: താലിബാൻ(Taliban) നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ(Afghanistan) സമ്പദ്‌വ്യവസ്ഥ തകർന്നു(Recession). ഭൂരിഭാഗം ജനങ്ങളുടെയും പക്കൽ നയാപൈസ പോലും എടുക്കാനില്ലാത്ത സ്ഥിതിയായി. പണം പൊടിക്ക് പോലും കാണാനില്ലാത്ത നിലയിലാണ് സമ്പദ് വ്യവസ്ഥ. തൊഴിലാളികൾക്ക് കൂലി നൽകാൻ പണമില്ലാതെ കമ്പനികൾ പൂട്ടി. ആവശ്യത്തിന് പണം ഇല്ലാതെ വന്നതോടെ പണം പിൻവലിക്കുന്നതിന് ബാങ്കുകൾ(bank) നിയന്ത്രണം ഏർപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് രാജ്യം പോകുന്നത്. അവശ്യസാധനങ്ങൾക്ക് തീവിലയാണ്. അമേരിക്കയോ മറ്റ് രാജ്യങ്ങളോ താലിബാൻ ഭരണത്തെ അംഗീകരിക്കാത്തത് മറ്റൊരു വെല്ലുവിളിയാണ്. സെൻട്രൽ ബാങ്കിന്റെ റിസർവിലുള്ള ഒൻപത് ബില്യൺ ഡോളർ ഭരണകൂടത്തിന് തൊടാൻ പോലും കഴിഞ്ഞിട്ടില്ല. ലോകബാങ്കിൽ നിന്നും അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിൽ നിന്ന് പോലും രാജ്യത്തിന് പണം കിട്ടുന്നില്ല.

ജനം വീട്ടുസാധനങ്ങൾ വിറ്റാണ് അത്യാവശ്യ കാര്യത്തിന് പണം കണ്ടെത്തുന്നത്. വീട്ടിലെ അലമാരകളും കസേരകളും മേശകളും വരെ ചന്തകളിൽ എത്തിച്ച് വിൽക്കുകയാണ് ജനം. കാബൂളിലാണ് ജനത്തിന്റെ നരകയാതന നേരിട്ട് കാണാനാവുന്നത്. താലിബാൻ ഡോളറിന്റെ ഉപയോഗം നിയന്ത്രിച്ചും ബാങ്കുകളിൽ നിന്ന് പിൻവലിക്കാവുന്ന പണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയും സമ്പദ്വ്യവസ്ഥയുടെ ശ്വാസം പിടിച്ചുനിർത്താൻ കഠിനാധ്വാനം ചെയ്യുകയാണിപ്പോൾ.