മുംബൈ: രാജ്യത്തിന്‍റെ ധനനയം കര്‍ശനമാക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് നോബേല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജി. “ധനക്കമ്മി ഇതിനകം തന്നെ വലിയ വ്യത്യാസത്തിൽ ലംഘിക്കപ്പെട്ടിട്ടുണ്ട്. ആ അർത്ഥത്തിൽ, ധനക്കമ്മി കൂടുന്നത് വലിയ കാര്യമായി ഞാന്‍ കാണുന്നില്ല. ധനപരമായ കര്‍ശനതയെ ഞാന്‍ പിന്തുണയ്ക്കുന്നില്ല". പത്രസമ്മേളനത്തിൽ ബാനര്‍ജി പറഞ്ഞു. 

വിദ്യാഭ്യാസ ബജറ്റ് ഏകദേശം 3,000 കോടി രൂപ കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് ബാനർജി സംസാരിച്ചത്, വിദ്യാഭ്യാസം ഒരു സംസ്ഥാന വിഷയമായതിനാൽ ഇത് വലിയ സ്വാധീനം ഇന്ത്യയില്‍ ചെലത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

“സത്യം പറഞ്ഞാൽ, വിദ്യാഭ്യാസം ഒരു സംസ്ഥാന വിഷയമായതിനാൽ വിദ്യാഭ്യാസത്തിന് വളരെ കുറച്ച് ഫണ്ട് മാത്രമേ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ലഭിക്കുന്നൊള്ളു”. അദ്ദേഹം പറഞ്ഞു. 

"നമ്മുടെ കൈവശമുള്ള വിഭവങ്ങൾ ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് എന്‍റെ അഭിപ്രായം, പ്രതിശീർഷ ജിഡിപിയുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ അധ്യാപകർക്ക് ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നു. അതിനാൽ അവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന് ആഗ്രഹിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ബജറ്റ് 2020 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും.