ദില്ലി: നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതോടെ വാട്‌സ്ആപ്പ് ഇന്ത്യയില്‍ യുപിഐ സേവനവുമായി മുന്നോട്ട് പോവുകയാണ്. പുതിയ ഫീച്ചര്‍ രാജ്യത്തെ മെസേജിങ് ആപ്പിന്റെ സ്വാധീനം വളര്‍ത്തുമെന്ന വലിയ പ്രതീക്ഷയാണ് പാരന്റ് കമ്പനിയായ ഫെയ്‌സ്ബുക്കിനുള്ളത്. എന്നാല്‍ പുതിയ സേവനങ്ങള്‍ വരുമ്പോള്‍ വാട്‌സ്ആപ്പ് ഉപഭോക്താവ് ഇതിന് ഏതെങ്കിലും ഫീസ് നല്‍കണമോയെന്ന സംശയം ഉയര്‍ന്നുവന്നിട്ടുണ്ട്.

ഫെയ്‌സ്ബുക് സ്ഥാപകനും സിഇഒയുമായ മാര്‍ക് സുക്കര്‍ബര്‍ഗ് തന്നെ ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് ഇപ്പോള്‍. മെസേജിങ് ആപ്പില്‍ നിന്നും ഉപഭോക്താവ് ആര്‍ക്കെങ്കിലും യുപിഐ വഴി പണം അയച്ചാല്‍ അതിന് ഫീസ് നല്‍കേണ്ടതില്ലെന്നാണ് സുക്കര്‍ബര്‍ഗ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറിന് 140 ലേറെ ബാങ്കുകളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ അഞ്ച് ബാങ്കുകളുമായി ചേര്‍ന്നാണ് വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം. ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്‌സിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് പുറമെ ജിയോ പേമെന്റ്‌സ് ബാങ്കിന്റെ സേവനവും വാട്‌സ്ആപ്പ് വഴി ലഭിക്കും. പത്ത് ഇന്ത്യന്‍ ഭാഷകളില്‍ സേവനം ലഭിക്കും. ഉയര്‍ന്ന സുരക്ഷാ മുന്‍കരുതലുകള്‍ പുതിയ സേവനത്തിന് വേണ്ടി സ്വീകരിച്ചിട്ടുണ്ടെന്നും സുക്കര്‍ബര്‍ഗ് വിശദീകരിച്ചു.