നിലവിലെ വായ്പയുടെ പലിശ നിരക്ക് വിപണിയിലെ പുതിയ നിരക്കിനെക്കാള്‍ വളരെ കൂടുതലാണെങ്കില്‍ റീഫിനാന്‍സ് ചെയ്യുന്നത് ലാഭകരമാണ്.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ ഭവന വായ്പകളുടെ പലിശ നിരക്കുകളും കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭവന വായ്പ റീഫിനാന്‍സ് ചെയ്യണോ അതോ നേരത്തെ തിരിച്ചടച്ച് തീര്‍ക്കണോ എന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍? വിശദമായി മനസിലാക്കാം.

കഴിഞ്ഞ ജൂണില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചു. ചില്ലറ പണപ്പെരുപ്പം ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.10 ശതമാനത്തിലേക്ക് താഴ്ന്നതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. ഈ മാറ്റം ഭവന വായ്പകളെ കാര്യമായി സ്വാധീനിച്ചു തുടങ്ങി. പല പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇപ്പോള്‍ 7.45 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ ഭവന വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് ഏകദേശം 8.20 ശതമാനമായിരുന്നു.

റീഫിനാന്‍സും പ്രീപേമെന്റും തമ്മിലുള്ള വ്യത്യാസം റീഫിനാന്‍സ് : നിലവിലുള്ള ഭവന വായ്പ മറ്റൊരു ബാങ്കിലേക്ക് അല്ലെങ്കില്‍ അതേ ബാങ്കില്‍ തന്നെ കുറഞ്ഞ പലിശ നിരക്കിലേക്ക് മാറ്റുന്നതിനെയാണ് റീഫിനാന്‍സ് എന്ന് പറയുന്നത്. ഇതിനെ ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്നും പറയും. നിലവിലെ വായ്പയുടെ പലിശ നിരക്ക് വിപണിയിലെ പുതിയ നിരക്കിനെക്കാള്‍ വളരെ കൂടുതലാണെങ്കില്‍ റീഫിനാന്‍സ് ചെയ്യുന്നത് ലാഭകരമാണ്. പ്രത്യേകിച്ച് വായ്പയുടെ ആദ്യകാലങ്ങളില്‍ പലിശയിനത്തില്‍ കൂടുതല്‍ തുക അടയ്ക്കേണ്ടി വരുമ്പോള്‍ റീഫിനാന്‍സ് ചെയ്യുന്നത് വലിയ ലാഭമുണ്ടാക്കും.

പ്രീപേമെന്റ് : ഭവന വായ്പയുടെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പായി ഭാഗികമായോ പൂര്‍ണ്ണമായോ വായ്പ തിരിച്ചടയ്ക്കുന്നതിനെയാണ് പ്രീപേമെന്റ് എന്ന് പറയുന്നത്. കൈയില്‍ അധികം പണമുണ്ടെങ്കില്‍ ഒറ്റത്തവണയായി വായ്പയുടെ ഒരു ഭാഗം അടച്ചുതീര്‍ക്കുന്നത് മൊത്തം പലിശ ഭാരം കുറയ്ക്കാന്‍ സഹായിക്കും.

റീഫിനാന്‍സ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പഴയതും ഉയര്‍ന്ന പലിശ നിരക്കിലുള്ളതുമായ വായ്പകള്‍ ഉള്ളവര്‍ക്ക് റീഫിനാന്‍സ് ചെയ്യുന്നത് നല്ലൊരു ഓപ്ഷനാണ്. നിലവിലെ പലിശ നിരക്കും റീഫിനാന്‍സ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പുതിയ നിരക്കും തമ്മില്‍ 50 ബേസിസ് പോയിന്റിലധികം വ്യത്യാസമുണ്ടെങ്കില്‍ റീഫിനാന്‍സ് ചെയ്യുന്നത് പരിഗണിക്കാം.

എങ്കിലും, റീഫിനാന്‍സ് ചെയ്യുമ്പോള്‍ ചില ചെലവുകള്‍ (സ്വിച്ചിംഗ് കോസ്റ്റ്) വരും. പ്രോസസ്സിംഗ് ഫീസ്, നിയമപരമായ ചാര്‍ജുകള്‍, ഡോക്യുമെന്റേഷന്‍ ചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടാം. ഈ ചെലവുകള്‍ കണക്കിലെടുത്തില്ലെങ്കില്‍ റീഫിനാന്‍സ് ചെയ്യുന്നതിന്റെ നേട്ടം കുറയാനിടയുണ്ട്. നിലവിലുള്ള ബാങ്കുമായി പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതും നല്ലതാണ്.

പ്രീപേമെന്റ് പരിഗണിക്കാവുന്ന സാഹചര്യങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ വായ്പ തിരിച്ചടയ്ക്കുന്നത് മൊത്തം പലിശ ഭാരം ഗണ്യമായി കുറയ്ക്കും. ബോണസ് ലഭിക്കുകയോ, മറ്റ് അധിക വരുമാനം ലഭിക്കുകയോ ചെയ്യുമ്പോള്‍ ഒറ്റത്തവണയായി വായ്പയുടെ ഒരു തുക അടച്ചുതീര്‍ക്കുന്നത് പരിഗണിക്കാം. എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള പണം അല്ലെങ്കില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ എന്നിവയെ ബാധിക്കാതെ നോക്കണം.

മുന്നറിയിപ്പ്: ഈ ലേഖനം ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് സ്‌കോറുകള്‍ എന്നിവ പോലുള്ള വായ്പാ ആവശ്യകതകളെക്കുറിച്ച് അറിവ് നല്‍കാനും അവബോധം വളര്‍ത്താനും മാത്രമുള്ളതാണ്. ഉയര്‍ന്ന പലിശ നിരക്കുകള്‍, മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ തുടങ്ങിയ ചില അപകടസാധ്യതകള്‍ ഉള്ളതിനാല്‍, വായ്പ എടുക്കുന്നതിനെ www.asianetnews.com പ്രോത്സാഹിപ്പിക്കുകയോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഏതെങ്കിലും തരത്തിലുള്ള വായ്പ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി സംസാരിച്ച് തീരുമാനമെടുക്കാന്‍ ഞങ്ങള്‍ നിക്ഷേപകരെ ഉപദേശിക്കുന്നു.