ഏപ്രിൽ മാസത്തിൽ മാത്രം 122 ദശലക്ഷം ഇന്ത്യാക്കാർക്ക് ജോലി നഷ്ടമായെന്നാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്ക്.
ദില്ലി: കൊവിഡ് ലോകത്തെ 49 ദശലക്ഷം പേരെ കൊടുംപട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. 1.90 ഡോളറോ അതിൽ കുറവോ പ്രതിദിന വരുമാനമുള്ളവരാണ് ഇവർ. ഇതിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിരിക്കുമെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്. 12 ദശലക്ഷം പേരാണ് ഇന്ത്യയിൽ ഈ അവസ്ഥയിലേക്ക് എത്തുക.
ഏപ്രിൽ മാസത്തിൽ മാത്രം 122 ദശലക്ഷം ഇന്ത്യാക്കാർക്ക് ജോലി നഷ്ടമായെന്നാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്ക്. ദിവസക്കൂലിക്കാരും ചെറുകിട കച്ചവടക്കാരുമാണ് മഹാമാരിയെ തുടർന്ന് സാമ്പത്തിക തിരിച്ചടിയേറ്റവരിൽ കൂടുതൽ.
രാജ്യത്തെ 104 ദശലക്ഷം പേരും ലോകബാങ്ക് നിശ്ചയിച്ച 3.2 ഡോളർ വരെ വരുമാനമുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാകുമെന്നാണ് യുണൈറ്റഡ് നാഷൻസ് യൂണിവേഴ്സിറ്റി പഠനം. നിലവിൽ രാജ്യത്തെ 812 ദശലക്ഷം ആളുകളാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. ഇത് 920 ദശലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഒരു പതിറ്റാണ്ട് മുൻപത്തെ നിലയിലേക്ക് രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ എണ്ണം വർധിക്കുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
