ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ പണം നല്‍കിയാല്‍ ഇരട്ടി തുക. ഫാസ്ടാഗ് വഴി ടോള്‍ അടയ്ക്കുമ്പോള്‍ 100 രൂപയാണ് സാധാരണ നിരക്കെങ്കില്‍, പണമായി നല്‍കിയാല്‍ അത് 200 രൂപയായി മാറും. 

ദേശീയപാതകളിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! നവംബര്‍ 15, 2025 മുതല്‍ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുമ്പോള്‍ ഫാസ്ടാഗ് ഇല്ലെങ്കില്‍ സാധാരണ നല്‍കുന്നതിനേക്കാള്‍ വലിയ തുക നല്‍കേണ്ടിവരും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ പണം നല്‍കിയാല്‍ ഇരട്ടി തുക ഈടാക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തി. അതായത്, ഫാസ്ടാഗ് വഴി ടോള്‍ അടയ്ക്കുമ്പോള്‍ 100 രൂപയാണ് സാധാരണ നിരക്കെങ്കില്‍, പണമായി നല്‍കിയാല്‍ അത് 200 രൂപയായി മാറും.

യുപിഐ വഴിയാണെങ്കില്‍ 125 രൂപ

എന്നാല്‍, പണത്തിന് പകരം യുപിഐ പോലുള്ള മറ്റ് ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ടോള്‍ അടയ്ക്കുന്നവര്‍ക്ക് സാധാരണ നിരക്കിന്റെ 1.25 ഇരട്ടി മാത്രം നല്‍കിയാല്‍ മതി. 100 രൂപ ടോള്‍ ഉള്ള സ്ഥലത്ത്, യുപിഐ വഴി അടച്ചാല്‍ 125 രൂപ നല്‍കിയാല്‍ മതിയാകും.ഫാസ്ടാഗ് ഉപയോഗിക്കാന്‍ ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ രീതിയിലുള്ള ഫീസ് ഘടന കൊണ്ടുവന്നിരിക്കുന്നത്. അതേസമയം, ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് പൂര്‍ണമായും പണം നല്‍കുന്നതിനേക്കാള്‍ അല്‍പം കുറഞ്ഞ പിഴയോടെ ഡിജിറ്റല്‍ പണമിടപാട് നടത്താനുള്ള സൗകര്യവും നല്‍കുന്നുണ്ട്.

ടോള്‍ പ്ലാസകളിലെ തിരക്ക് കുറയും

ടോള്‍ പിരിവിലെ സുതാര്യത വര്‍ദ്ധിപ്പിക്കാനും ദേശീയപാതകളിലെ യാത്രാനുഭവം മെച്ചപ്പെടുത്താനുമാണ് ഈ നീക്കമെന്ന് കേന്ദ്ര ഹൈവേ മന്ത്രാലയം അറിയിച്ചു. പണം കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത് സഹായിക്കും. ഇത് ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഫാസ്ടാഗ് വാര്‍ഷിക പാസ് സൗകര്യം രാജ്യത്തെ 1,150-ഓളം ടോള്‍ പ്ലാസകളില്‍ നാഷണല്‍ ഹൈവേ അതോറിറ്റി അടുത്തിടെ നടപ്പാക്കിയിരുന്നു. ഇതിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഇതിനു പിന്നാലെയാണ്, ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഈ പുതിയ നിരക്ക് ഘടന വരുന്നത്.