ലഖ്നൗ: സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 2025 ഓടെ ഒരു ലക്ഷം കോടി ഡോളറിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം നേടാനായി പുതിയ സാമ്പത്തിക ഉപദേഷ്ടാവിനെ യുപി സർക്കാർ നിയമിക്കും. രാജ്യത്തിന്റെ ജിഡിപി അഞ്ച് ലക്ഷം കോടിയിലേക്ക് എത്തിക്കുകയെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിന് കൂടുതൽ ഊർജ്ജം പകരാനാണ് യോഗി ആദിത്യനാഥ് സർക്കാർ ശ്രമിക്കുന്നത്.

നിലവിൽ 23000 കോടി ഡോളറാണ് യുപി സർക്കാരിന്റെ ജിഡിപി. ഇത് അഞ്ച് മടങ്ങിലേറെ വർധിപ്പിച്ചാലേ അഞ്ച് വർഷം കൊണ്ട് ഈ ലക്ഷ്യം നേടാനാവൂ. നിലവിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് ഏഴ് ശതമാനമാണ്.

രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. നിലവിൽ രാജ്യത്തിന്റെ ജിഡിപി വളർച്ചയിൽ വലിയ പങ്ക് വഹിക്കാനും സംസ്ഥാനത്തിന് സാധിക്കും. രാജ്യത്തിന്റെ വളർച്ചയിൽ സംസ്ഥാനത്തിന് പ്രധാന പങ്ക് വഹിക്കാനാവണം എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്ഷ്യം. 

അതിനാലാണ് സാമ്പത്തിക രംഗത്ത് പുതിയ ഉപദേഷ്ടാവിനെ നിയമിക്കുന്നത്. മാക്രോ ഇക്കണോമിക്സിന്റെയും മൈക്രോ ഇക്കണോമിക്സിന്റെയും വിവരങ്ങൾ വിശകലനം ചെയ്ത് വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കുകയെന്ന കഠിനമായ ജോലിയാണ് പുതിയ സാമ്പത്തിക ഉപദേഷ്ടാവിന്റെ മുന്നിലുള്ളത്.