കുവൈറ്റിലെ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന തമിഴ്നാട് സ്വദേശിയുടെ ഭാര്യയും മകളും മരിച്ചയാളുടെ ബന്ധുക്കളുടെ കനിവ് തേടി മലപ്പുറത്ത്. പെരിന്തല്‍മണ്ണ സ്വദേശിയുടെ ഉമ്മയും ഭാര്യയും മാപ്പുനല്‍കിയാല്‍ തഞ്ചാവൂര്‍ സ്വദേശിയായ അര്‍ജ്ജുനന്റെ വധശിക്ഷ കുവൈറ്റിലെ കോടതി റദ്ദുചെയ്യും.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കുവൈറ്റിലെ ജയിലില്‍ കഴിയുന്ന അര്‍ജ്ജുനനന്റെ കഴുത്തില്‍ കൊലക്കയര്‍ വീഴാന്‍ ഇനി 10 ദിവസം മാത്രമേയുള്ളു. രക്ഷിക്കണമെന്ന് കരഞ്ഞു പറഞ്ഞാണ് ഭാര്യ മാലതിയും മകളും അടങ്ങുന്ന കുടുംബം പെരിന്തല്‍മണ്ണയിലെത്തിയത്. മരിച്ചയാളുടെ ഉമ്മയും സഹോദരങ്ങളും 30 ലക്ഷം രുപ കിട്ടിയാലേ ഒത്തുതീര്‍പ്പിനുള്ളൂ എന്ന നിലപാടിലാണ്. കൈവശമുള്ളത് മുഴുവന്‍ വിറ്റാലും 10 ലക്ഷം പോലും നല്‍കാനാവത്ത സ്ഥിതിയിലാണ് അര്‍ജ്ജുനന്റെ കുടുംബം.
അര്‍ജ്ജുനനും മരിച്ച പെരിന്തല്‍മണ്ണ സ്വദേശിയും കുവൈറ്റില്‍ ഒരുമിച്ചായിരുന്നു താമസം. വാക്കു തര്‍ക്കത്തിനിടയില്‍ കൊലപാതകം നടന്നുവെന്നാണ് ആരോപണം. മരിച്ചയാള്‍ക്ക് ഭാര്യയും 13 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയുമുണ്ട്. സാമ്പത്തിക ശേഷിയുമില്ല. പണം കിട്ടിയാല്‍ മരിച്ചയാളുടെ കുടുംബത്തിന് താങ്ങാവുമായിരുന്നെങ്കിലും 30 ലക്ഷം നല്‍കാന്‍ എല്ലാം വിറ്റുപെറുക്കിയാലും സാധിക്കില്ലെന്ന അവസ്ഥയിലാണ് മാലതിയും മകളും. പ്രവാസികളായ മലയാളികള്‍ അടക്കമുള്ളവരുടെ എന്തെങ്കിലും കനിവ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഒരോ ദിവസവും തീ തിന്നു കഴിയുകയാണ് ഈ തമിഴ് കുടുംബം.
