തിരുവനന്തപുരം: അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അമ്പതു വയസു പിന്നിട്ട കന്യാസ്ത്രീകള്‍ രംഗത്ത്. വ്യത്യസ്തമായ ഈ അപേക്ഷ തിരുവനന്തപുരം മുട്ടട സെന്‍റ് ആന്‍സ് കോണ്‍വെന്‍റിലെ കന്യാസ്ത്രീകളാണ് ഉയര്‍ത്തിയത്. ദേശീയ മാധ്യമമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ഞങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. മരുന്നിനും മറ്റുമായി നല്ല ചിലവ് വേണ്ടി വരുന്നുണ്ട്. ഞങ്ങള്‍ക്ക് അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ തടഞ്ഞുവയ്ക്കരുതെന്നും തിരുവനന്തപുരം കോര്‍പറേഷനു നല്‍കിയ അപേക്ഷയില്‍ ഇവര്‍ വ്യക്തമാക്കുന്നു. 60 വയസ്സ് പിന്നിട്ട കന്യാസ്ത്രീകള്‍ക്കു നിലവില്‍ വാര്‍ദ്ധക്യ പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. 

പ്രത്യേക സാഹചര്യങ്ങള്‍ മൂലം വിവാഹിതരാകാന്‍ സാധിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ മാസം 1,100 രൂപയാണ് പെന്‍ഷന്‍ നല്‍കിവരുന്നത്. അതിനാല്‍ കന്യാസ്ത്രീകളുടെ ഈ ആവശ്യത്തില്‍ കോര്‍പറേഷന്‍ സര്‍ക്കാരിന്റെ ഉപദേശം തേടിയിട്ടുണ്ട്. മതപരമായ വിശ്വാസത്തിന്റെ ഭാഗമായി മനപൂര്‍വം വിവാഹം എന്ന സങ്കല്‍പ്പം ഒഴിവാക്കിയ ഇവര്‍ അവിവാഹിത പെന്‍ഷനു അര്‍ഹരാണോ എന്നതാണ് കോര്‍പറേഷന്‍ സര്‍ക്കാരിനോട് ആരാഞ്ഞത്.

നിലവില്‍ സഭയാണ് പ്രായമായ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും ചിലവിനായി പണം നല്‍കുന്നത്. എന്നിരിക്കെ ഇതാദ്യമായാണ് പെന്‍ഷന്‍ വേണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍ രംഗത്തെത്തുന്നത്.കന്യാസ്ത്രീകള്‍ ഇത്തരമൊരു ആവശ്യവുമായി വന്നതിനെതിരെ സഭ ശക്തമായ നിലപാട് വ്യക്തമാക്കുകയും ചെയ്തു. 

കന്യാസ്ത്രീകള്‍ മറ്റാരുടെയോ പ്രേരണയില്‍ ഇത്തരം ആവശ്യം ഉയര്‍ത്തിയതാണെന്നും ഇത്തരം സമ്പ്രദായം ആവര്‍ത്തിക്കാന്‍ സഭ അനുവദിക്കില്ലെന്നും ലത്തീന്‍ തിരുവനന്തപുരം അതിരൂപത ജനറല്‍ യൂജിന്‍ എച്ച് പെരേര വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം