സൗദിയില്‍ വിവിധ നിയമലംഘനങ്ങളില്‍ ഇതുവരെ കുടുങ്ങിയത് 10 ലക്ഷം വിദേശികള്‍

റിയാദ്: താമസം, തൊഴിൽ, കുടിയേറ്റ നിയമ ലംഘനങ്ങളുടെ പേരിൽ സൗദിയിൽ ഇതുവരെ 10 ലക്ഷം വിദേശികൾ പിടിയിലായെന്ന് കണക്ക്. രണ്ടര ലക്ഷത്തിലേറെ പേരെ നാടുകടത്തിയെന്നും സൗദി ഭരണകൂടം വ്യക്തമാക്കി. കഴിഞ്ഞ നവംബർ മുതലാണ് നിയമ ലംഘകർക്കെതിരെ സൗദി നടപടി കർശനമാക്കിയത്. നിയമം ലംഘിച്ച് പിടിയിലാകുന്നതിലേറെയും യെമനിൽ നിന്നുള്ളവരാണ്. ആകെ നിയമ ലംഘകരുടെ 57 ശതമാനവും യെമനികളാണെന്ന് സൗദി അറിയിച്ചു.

നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി സൗദിയില്‍ ഇതുവരെ 10,36,320 വിദേശികള്‍ പിടിയിലായതായി സുരക്ഷാ വിഭാഗം അറിയിച്ചു. 7,59,881 താമസ നിയമലംഘകരും, 1,90,637 തൊഴില്‍ നിയമലംഘകരും, 85,802 അതിര്‍ത്തി സുരക്ഷാ നിയമലംഘകരും പിടിയിലായി. കഴിഞ്ഞ നവംബറില്‍ ആണ് നിയമലംഘകര്‍ക്കെതിരെ കാമ്പയിന്‍ ആരംഭിച്ചത്. 

15,132 പേര്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറുന്നതിനിടെ പിടിയിലായി. ഇതില്‍ 57% യമനികള്‍ ആണ്. നിയമലംഘകര്‍ക്ക് യാത്ര, താമസം തുടങ്ങിയ സഹായം നല്‍കിയ 1891 പേരും പിടിയിലായതായി റിപ്പോര്‍ട്ട്‌ പറയുന്നു. ഇതില്‍ 320 സ്വദേശികളും ഉള്‍പ്പെടുന്നു. 

294 പേരെ നിയമനടപടികള്‍ക്ക് ശേഷം വിട്ടയച്ചു. പിടിയിലായ 2,65,733 പേരെ നാടു കടത്തി. 1,77,562 പേരെ നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 1,46,640 പേരുടെ വിവരങ്ങള്‍ യാത്രാരേഖകള്‍ ശരിയാക്കാന്‍ ബന്ധപ്പെട്ട എമ്ബസികള്‍ക്ക് കൈമാറിയാതായും സുരക്ഷാ വിഭാഗം അറിയിച്ചു