ശ്രീനഗര്‍: ജമ്മു കശ്‍മീരിയിലെ ഉറിയില്‍ കരസേന തുടങ്ങിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ പത്ത് ഭീകരരെ വധിച്ചു. ഇന്നലെ രാത്രി ഹന്ദ്വാരയില്‍ പോലീസ് പോസ്റ്റിനു നേരെ നടന്ന ആക്രമം നടത്തിയ ശേഷം കടന്നു കളഞ്ഞ ഭീകരരില്‍ ഒരാളെ സുരക്ഷാ സേന വധിച്ചിരുന്നു. ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിന് ജമ്മു കശ്‍മീരിലെ ഭീകര ക്യാമ്പുകള്‍ തകര്‍ക്കാനുള്ള ഓപ്പറേഷന്‍ കരസേന രാവിലെയാണ് തുടങ്ങിയത്. ഉറിയില്‍ പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞു കയറിയ ഭീകരരെയാണ് ഈ ഓപ്പറേഷനില്‍ കരസേന വധിച്ചത്. 15 ഭീകരര്‍ ഈ മേഖലയിലുണ്ട് എന്നാണ് സേനയ്‌ക്കു കിട്ടിയ രഹസ്യ വിവരം.

ലച്ച്പുരയില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യാ പാകിസ്ഥാന്‍ സേനകള്‍ ഇന്ന് ഏറ്റുമുട്ടി. ലച്പുരയില്‍ നിയന്ത്രരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ മോര്‍ട്ടാറുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഒരു മണിക്കൂറോളം ഇത് നീണ്ടു നിന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. സാഹചര്യം വിലയിരുത്താന്‍ രാവിലെ ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിംഗ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

ഐക്യരാഷ്‌ട്രസഭയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നാളെ സംസാരിക്കാനിരിക്കെ കൂടുതല്‍ രാജ്യങ്ങള്‍ ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത് ഇന്ത്യയ്‌ക്ക് നേട്ടമായി. പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടി ബഹിഷ്ക്കരിക്കണമന്ന് അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബംഗ്ലാദേശും ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കാമെന്ന് ഉറപ്പു നല്‍കി. റഷ്യ, ബ്രിട്ടന്‍ ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ച് രംഗത്തു വന്നു.

ഉറി അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ ആയുധങ്ങള്‍ക്ക് പുറമെ ഭീരരുടെ കൈയ്യിലുണ്ടായിരുന്ന മരുന്നും ജ്യൂസുമൊക്കെ പാക് നിര്‍മ്മിതമാണെന്നതിന് തെളിവ് ശേഖരിച്ചു. ജിപിഎസ് പ്രാഥമികമായി വിലയിരുത്തുമ്പോള്‍ ഭീകരര്‍ ആക്രമണത്തിനു മുമ്പ് അതിര്‍ത്തിക്കപ്പുറത്തായിരുന്നു എന്ന് വ്യക്തമാകുന്നു. എന്‍ഐഎ നടത്തുന്ന അന്വേഷണവുമായി അമേരിക്കയും സഹകരിക്കും. ഐക്യരാഷ്‌ട്രസഭാ സമ്മേളനം അവസാനിച്ച ശേഷമേ അതിര്‍ത്തി കടന്നുള്ള തിരിച്ചടിയുണ്ടെങ്കില്‍ അക്കാര്യം തീരുമാനിക്കൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.