പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം പൊലീസിനെ ഉത്തരം മുട്ടിച്ച് പൊരുത്തക്കേടുകള്‍ കേസിനെ ദുര്‍ബലമാക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജിഷ വധക്കേസില്‍ പൊലീസിന് ഉത്തരംമുട്ടുന്ന പൊരുത്തക്കേടുകള്‍ ഇവയാണ്.

1) എന്തിനായിരുന്നു കൊലപാതകം. കുളിക്കടവില്‍വെച്ച് അമ്മ രാജേശ്വരി തല്ലിയെന്ന് പ്രതിയുടെ മൊഴി. എന്നാല്‍ അങ്ങനെയൊരുസംഭവം നടന്നതായി ആര്‍ക്കുമറിയില്ല.

2) കൃത്യത്തിനുപയോഗിച്ച ആയുധവും വസ്ത്രങ്ങളും എവിടെയാണ്..

3) ജിഷയുടെ രക്തത്തില്‍ എങ്ങനെയാണ് മദ്യമെത്തിയത്. മരണവെപ്രാളത്തിനിടെ വായില്‍ ഒഴിച്ചുകൊടുത്തെങ്കില്‍ അത് രക്തത്തില്‍ കലരില്ല.

4) ബലപ്രയോഗത്തിനിടെ ഒഴിച്ചുകൊടുത്ത മദ്യത്തിന്റെ അംശം എന്തുകൊണ്ട് ജിഷയുടെ ശരീരത്തിലും വസ്ത്രത്തിലും കാണപ്പെട്ടില്ല.

5) വീടിനുളളിലെ ജാറില്‍ നിന്ന് കണ്ടെത്തിയ തിരിച്ചറിയാത്ത വിരല്‍പ്പാടുകള്‍ ആരുടേതാണ്. പരിസരവാസികളുടേതാകാമെന്ന് പൊലീസ് പറയുന്നു. അങ്ങനെയെങ്കില്‍ പ്രദേശവാസികളടക്കം അയ്യായിരത്തോളം പേരുടെ വിരലടയാളം പരിശോധിച്ചിട്ടും ഈ വിരലടയാളം തിരിച്ചറിയാതെ പോയത് എന്തുകൊണ്ടാണ് ?

6) ഡി എന്‍ എ ഫലം മാത്രമല്ലെതെ മറ്റെന്ത് ശക്തമായ തെളിവാണ് പ്രതിക്കെതിരെയുളളത്? 7) പ്രതിയെ തിരിച്ചറിഞ്ഞ വീട്ടമ്മ, സംഭവദിവസം അമ്പത് മീറ്റര്‍ ദൂരെ നിന്നാണ് ഇയാളെ കണ്ടത്? അതും സന്ധ്യാ സമയത്ത്? യാദൃശ്ചികമായി ദൂരെനിന്ന് കണ്ടിട്ടും മുഖം എങ്ങനെ തിരിച്ചറിഞ്ഞു.?

7) ഈ വീട്ടമ്മയടക്കം പ്രതിയെ കണ്ട പ്രദേശവാസികള്‍ പറഞ്ഞ വിവരംവെച്ചാണ് രേഖാചിത്രം തയാറാക്കിയത്. പക്ഷേ പിടിയാലായ ആള്‍ക്ക് രേഖാചിത്രവുമായി യാതൊരു സാമ്യവുമില്ല?

8)പ്രതിക്ക് ജിഷയുമായോ കുടുംബവുമായോ മുന്‍ പരിചയം ഉണ്ടായിരുന്നോ? ഈ ബന്ധം വേണ്ടെന്ന് താന്‍ ജിഷയോട് പറഞ്ഞിരുന്നതായി അമ്മ രാജേശ്വരി പരിസരവാസികളോട് പറഞ്ഞത് ആരെക്കുറിച്ചാണ് ?

9) കൃത്യത്തിനുശേഷം പ്രതി ആസാമില്‍ ചെന്നെന്ന പൊലീസ് കണ്ടെത്തലിലെ പൊരുത്തക്കേട്. കൊലപാതകത്തിന് മുമ്പ് ഏപ്രില്‍ ആദ്യവാരമാണ് പ്രതി അവിടെചെന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്

10) സംഭവം ദിവസം ജിഷ പുറത്തുപോയത് എവിടെയാണ് , ആരെ കാണാനാണ്? ഇതാണ് നിങ്ങളെയൊക്കെ വിശ്വസിക്കാന്‍ കൊളളാത്തതെന്ന് കൊലപാതകത്തിന് തൊട്ടുമുമ്പ് ജിഷ പറഞ്ഞത് ആരോടാണ്?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചെങ്കില്‍ മാത്രമെ കോടതിയില്‍ എത്തുമ്പോള്‍ കേസ് ദുര്‍ബലപ്പെടാതിരിക്കുകയുള്ളുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.