
എറണാകുളം: പുല്ലേപ്പടിയില്‍ പത്തുവയസുകാരനെ കുത്തിക്കൊന്നു. പുല്ലേപ്പടി സ്വദേശി ക്രിസ്റ്റിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ പാല്‍ വാങ്ങാന്‍ കടയില്‍ പോയി മടങ്ങുംവഴിയായിരുന്നു ആക്രമണം. അയല്‍വാസിയായ അജി ദേവസ്യ എന്നയാള്‍ ക്രിസ്റ്റിയുടെ കഴുത്തിന് ചുറ്റും കുത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിന് ചുറ്റും 17 കുത്തുകളേറ്റിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ ക്രിസ്റ്റിയുടെ കഴുത്തിലും തലയിലും ഇയാള്‍ കുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ക്രിസ്റ്റിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണം നടത്തിയ അജി ദേവസ്യ എന്നയാളെ പിന്നീട് എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പുല്ലേപ്പടി സെന്റ് ആല്‍ബര്‍ട്സ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ക്രിസ്റ്റി. അജി ദേവസ്യ മാനസിക രോഗിയാണെന്നും ഇയാളെ മുമ്പ് പൊലീസ് തന്നെ ഇടപെട്ട് മാനസിക രോഗ കേന്ദ്രത്തിലെത്തിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമോ മറ്റ് പ്രശ്നങ്ങളോ ഒന്നും സംഭവത്തിന് പിന്നിലില്ലെന്ന് പൊലീസ് വ്യക്തമാക്കി.
