ദില്ലി: രണ്ടു വര്‍ഷം മുമ്പ് നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട കേസില്‍ പത്തു വയസ്സുകാരി വരച്ച ക്രെയോണ്‍സ് സ്‌കെച്ച് തെളിവായി എടുത്ത കോടതി പീഡകനായ അമ്മാവന് അഞ്ചു വര്‍ഷം തടവുശിക്ഷ നല്‍കി. കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയില്‍ എത്തപ്പെട്ട പെണ്‍കുട്ടിയുടെ വരകളാണ് കോടതി തെളിവായി സ്വീകരിച്ചത്. സംഭവത്തില്‍ അക്തര്‍ അഹമ്മദ് എന്നയാളാണ് പിടിയിലായത്.

എട്ടു വയസ്സുള്ളപ്പോള്‍ ഡല്‍ഹിയില്‍ മാതാവിന്റെ സഹോദരിക്കൊപ്പം താമസിക്കുമ്പോള്‍ ആയിരുന്നു അവരുടെ ഭര്‍ത്താവ് കുഞ്ഞിനെ ഉപദ്രവിച്ചിരുന്നത്. അമ്മാവന്റെ പീഡനം പതിവായപ്പോള്‍ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ജൂണിലാണ് പ്രതി അറസ്്റ്റിലായത്. പെണ്‍കുട്ടിയെക്കൊണ്ട് പ്രതിക്കെതിരേ പറയിച്ചതാണെന്നും അതിനെ ദൃക്‌സാക്ഷ്യമായി പരിഗണിക്കണമെന്നുമുള്ള പ്രതിയുടെ അഭിഭാഷകന്റെ വാദം കോടതി തള്ളിക്കളയുകയും ചെയ്തു. 

വിചാരണയ്ക്കിടയില്‍ പെണ്‍കുട്ടി ക്രെയോണ്‍സില്‍ വരച്ച പഴയ ചിത്രം കാര്യങ്ങള്‍ എല്ലാം മാറ്റിമറിച്ചു. കറുത്ത നിറത്തില്‍ പെണ്‍കുട്ടി വരന്ന വീടിന്റെയും ബലൂണ്‍ പിടിച്ചു നില്‍ക്കുന്നതിന്റെയും വീടിന്റെമുറിയും തൊട്ടുതാഴെ ഒരു ഡ്രസ്സും കേസില്‍ നിര്‍ണ്ണായകമായി. തനിക്കെതിരേ നടന്ന പീഡനത്തെക്കുറിച്ചുള്ള കുട്ടിയുടെ കാഴ്ചപ്പാട് ആയി കോടതി ഈ ചിത്രത്തെ വിലയിരുത്തി. ചിത്രത്തിലെ വരകള്‍ സംഭവത്തിന്‍റെ സാഹചര്യത്തെളിവുകളിലേക്കാണ് വെളിച്ചം വീശിയത്. വീട്ടിനുള്ളില്‍ പൂര്‍ണ്ണ നഗ്നയാക്കി ആരോ ബലാത്സംഗം ചെയ്തു എന്നതാണ് സൂചിപ്പിക്കുന്നതെന്ന് ആയിരുന്നു കണ്ടെത്തല്‍. ഒന്നുമറിയാത്ത പ്രായത്തില്‍ സംഭവിച്ച കാര്യത്തെക്കുറിച്ച് ഇതിനേക്കാള്‍ നല്ല വിശദീകരണം ആവശ്യമില്ലെന്ന് ജഡ്ജി പറഞ്ഞു.

അമ്മാവന്‍ അക്തര്‍ അഹമ്മദിനെ കുരുക്കിയത് 2014 നവംബറില്‍ പെണ്‍കുട്ടിയെ ഒരു ബസില്‍ നിന്നും കണ്ടു മുട്ടിയത് മുതലാണ്. മാതാവ് മരിച്ചതിനെ തുടര്‍ന്ന് മദ്യപാനിയായ പിതാവ് കുട്ടിയെ ഉപേക്ഷിക്കുകയും പിന്നീട് മാതൃസഹോദരി ഡല്‍ഹിയില്‍െ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ആയിരുന്നു. വീട്ടിലെ പണി മുഴുവന്‍ ചെയ്യുന്നതിന് പുറമേ അമ്മാവന്റെ പീഡനം കൂടി സഹിക്കേണ്ടി വന്നതോടെ പെണ്‍കുട്ടി വീട്ടുവിട്ടോടുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പരിശോധനകളില്‍ നിന്നും വ്യക്തമായിരുന്നു. പിന്നീട് ശിശു അവകാശ വിഭാഗത്തിന്റെ ചോദ്യം ചെയ്യലില്‍ കുട്ടി എല്ലാം തുറന്നു പറയുകയും ചെയ്തു.

പീഡകനായ അമ്മാവന് അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് നല്‍കിയത്. പെണ്‍കുട്ടിയുടെ ക്ഷേമത്തിനും ഭാവിക്കുമായി നഷ്ടപരിഹാരമായി മൂന്ന് ലക്ഷം ബാങ്കില്‍ നിക്ഷേപിക്കാനും കോടതി വിധിച്ചു. ഇപ്പോള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുകയും നന്നായി പഠിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിക്ക് ഈ പണം മികച്ച ഭാവി പടുത്തുയര്‍ത്തുന്നതിന് ഉപയോഗിക്കാമെന്നാണ് കോടതിയുടെ വിലയിരുത്തല്‍.