സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിദേശ തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി സൗദി സിവില്‍ സര്‍വീസ് സഹമന്ത്രി അബ്ദുള്ള അല്‍ മലഫി അറിയിച്ചു. ഇതിന്‍റെ ഭാഗമായി പല സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിദേശ തൊഴിലാളികളെ ഇതിനകം പിരിച്ചു വിട്ടു. യോഗ്യതയുള്ള സൗദി ജീവനക്കാരുടെ ലഭ്യതക്കനുസരിച്ച് നിലവിലുള്ള സര്‍ക്കാര്‍ സേവനങ്ങളെ ബാധിക്കാത്ത രീതിയില്‍ ആയിരിക്കും വിദേശികളെ പിരിച്ചു വിടുന്നത്. 2020 ആകുമ്പോഴേക്കും പൊതുമേഖലയില്‍ 28,000 സൗദികള്‍ക്ക് പുതുതായി ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. പൊതുമേഖലയില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്നത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ്. അതുകൊണ്ട് തന്നെ ഈ മേഖലകള്‍ സൗദിവല്‍ക്കരിക്കുന്നതിന് മുന്ഗണന നല്‍കും. പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്‍റെ പല ഭാഗത്തും ശില്പശാലകള്‍ സംഘടിപ്പിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, പാസ്പോര്‍ട്ട്‌ വകുപ്പ് എന്നിവ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ ജോലി സൗദികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നതാണ് സിവില്‍ സര്‍വീസ് വകുപ്പിന്റെ നിലപാട്.