പലസ്തീനില്‍ രക്ഷസാക്ഷികളായവരുടെ വിധവകള്‍ക്കും മറ്റു കുടുംബാങ്ങള്‍ക്കുമാണ് ഹജ്ജിനുള്ള അവസരം ലഭിക്കുക. ആയിരം തീര്‍ഥാടകര്‍ ഇത്തവണ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധമായ കാര്യങ്ങള്‍ നീക്കുന്നതിനായി കിങ് സല്‍മാന്‍ ഹജ്ജ് പ്രോഗ്രാം പതിനിധികള്‍ കെയ്റോയിലെത്തി. ഈജിപ്ത്തിലെ സൗദി എംബസി വഴി വിസയടിച്ചു സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ ഇവരെ ഹജ്ജിനു കൊണ്ട് വരാനാണ് നീക്കം. കഴിഞ്ഞ എഴു വര്‍ഷത്തിനിടെ രാജാവിന്റെ അതിഥികളായി 13,000 പലസ്തീനികള്‍ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്.
അതേസമയം തങ്ങളുടെ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ ഹജ്ജിനു അവസരം നിഷേധിച്ചതായുള്ള ഇറാന്റെ ആരോപണം സൗദി ഹജ്ജ് മന്ത്രാലയം തള്ളി. ഇറാന്‍ ഉള്‍പ്പെടെ 78 രാജ്യങ്ങളെ സൗദി അറേബ്യ ഹജ്ജ് കരാര്‍ ഒപ്പിടാന്‍ ക്ഷണിച്ചിരുന്നു. ഇറാനിലെ തീര്‍ഥാടകര്‍ക്ക് ഹജ്ജ് വേളയില്‍ പ്രത്യേക പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇറാന്‍ ഒപ്പു വെക്കാന്‍ വിസമ്മതിക്കുകയായിരുന്നു എന്ന് സൗദി അറേബ്യ വിശദീകരിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും തുല്യമായ പരിഗണന നല്‍കേണ്ടതുണ്ടെന്നും സൗദിയിലെ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും ഇത് അംഗീകരിക്കാത്ത ഇറാന്‍ കള്ളപ്രചാരണം അവസാനിപ്പിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
