വി എസ് ഇല്ലാത്ത വി എസ്സിന്റെ ആദ്യ പിറന്നാൾ ദിനമാണിന്ന്. തിരുവനന്തപുരത്ത് നിന്ന് വി എസിന്റെ മകൻ വി എ അരുൺ കുമാറും കുടുംബവുമൊക്കെ ഇന്നലെ ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയിട്ടുണ്ട്.
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്‍റെ നൂറ്റി രണ്ടാം ജൻമദിനമാണ് ഇന്ന്. ആലപ്പുഴ പറവൂരിലെ വേലിക്കകത്ത് വീടിന്‍റെ ചുറ്റു മതിലിൽ അദ്ദേഹത്തിന്‍റെ സമരോത്സുക ജീവിതം നിറഞ്ഞു നിൽക്കുന്നുണ്ട്. വിഎസ് ഇല്ലാത്ത ജൻമദിനത്തിൽ അദ്ദേഹത്തിനുള്ള ആദരവാണിത്. സാംസ്കാരിക വകുപ്പിന്‍റെ നിർദേശ പ്രകാരം കേരള ലളിതകലാ അക്കാദമിയും പുരോഗമന കലാസാഹിത്യ സംഘവും ചേർന്നാണ് നൂറ്റാണ്ട് പിന്നിട്ട വിപ്ലവ ജീവിതം വരച്ചിട്ടത്. ഒരു സമര നൂറ്റാണ്ടിന്‍റെ കഥപറയുന്ന വേലിക്കകത്ത് വീട്. അവസാന യാത്രയിലും അൽപം ഇവിടെ വിശ്രമിച്ചാണ് വി.എസ്.മടങ്ങിയത്.
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൽ ദീപശിഖ തെളിക്കുന്നത്, വി എസിന്‍റെ മതികെട്ടാൻ സന്ദർശനം, ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന നേതാവ്, ജീപ്പിന് മുകളിൽ നിന്ന് തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുന്ന വിഎസ്, എകെജിക്കും അഴീക്കാടൻ രാഘവനു മൊപ്പം ജാഥ നയിക്കുന്നത്, ഇ എം എസ്, നായനാർ എന്നിവർക്കൊപ്പം ജാഥ നയിക്കുന്നത്, പാർട്ടി യോഗത്തിൽ പ്രസംഗിക്കുന്നത്, മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള വിഎസ് അങ്ങനെ വി എസ് എന്ന കമ്യൂണിസ്റ്റ് ജീവിതത്തെ അടയാളപ്പെടുത്തുന്നുണ്ട് ഈ ചിത്രങ്ങൾ. അഞ്ചു കലാകാരൻമാർ ചേർന്ന് ഒരാഴ്ചകൊണ്ടാണ് വേലിക്കകത്ത് വീടിന്‍റെ മതിലിൽ ചരിത്രം വരച്ചിട്ടത്.
വി എസ് ഇല്ലാത്ത വി എസ്സിന്റെ ആദ്യ പിറന്നാൾ ദിനമാണിന്ന്. തിരുവനന്തപുരത്ത് നിന്ന് വി എസിന്റെ മകൻ വി എ അരുൺ കുമാറും കുടുംബവുമൊക്കെ ഇന്നലെ ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയിട്ടുണ്ട്. അച്ഛന്റെ പിറന്നാൾ ഓർമകളെ കുറിച്ച് വൈകാരികമായ ഒരു കുറിപ്പ് അരുൺ കുമാർ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. പിറന്നാൾ ദിനത്തിൽ രാവിലെ അരുൺ കുമാറും കുടുംബവും വി എസ് അന്തിയുറങ്ങുന്ന വലിയ ചുടുകാട്ടിൽ എത്തും.
വി എസിന്റെ സംസ്കാര ചടങ്ങുകൾ നടന്ന ഇടം ഇപ്പോഴും അങ്ങനെതന്നെ കാത്ത് സൂക്ഷിച്ചിട്ടുണ്ട്. പഴയ സുഹൃത്തുക്കൾ ഉൾപ്പടെ വി എസിനെ സ്നേഹിക്കുന്ന ധാരാളം ആളുകൾ ഇന്ന് വലിയ ചുടുകാട് എത്തുമെന്നാണ് കണക്കുകൂട്ടൽ. മിക്ക ദിവസങ്ങളിലും വി എസിനെ സ്നേഹിക്കുന്ന ധാരാളം ആളുകൾ വലിയ ചുടുകാടും പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലുമൊക്കെ ഇപ്പോഴും വന്നു പോകാറുണ്ട്. വേലിക്കകത്ത് വീട്ടിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജോസഫ് സി മാത്യുവും ജോയ് കൈതാരവും ശശിധരൻ വി കെ യുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ നടക്കും.



