Asianet News MalayalamAsianet News Malayalam

വിഷ്‌ണുവധം: ആര്‍എസ്എസുകാരായ 11 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

11 accused get double life term in vishnu murder case
Author
First Published Dec 19, 2016, 6:41 AM IST

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വിഷ്ണുവധക്കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം തടവ്. കേസിലെ പതിനഞ്ചാം പ്രതിയായ ശിവലാലിന് ജീവപര്യന്തം തടവും പ്രതികളെ ഒളിവില്‍ പോകാന്‍ സാഹായിച്ച പതിനൊന്നാം പ്രതി ഹരിലാലിന് മൂന്നു വര്‍ഷം കഠിന തടവും കോടതി വിധിച്ചു. ഭരണഘടന അനുശാസിക്കുന്ന രാഷ്ട്രീയ സ്വാതന്ത്ര്യം ഹനിക്കുന്നത് ആശാവഹമല്ലെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി പറഞ്ഞു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിനെ 2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്കില്‍ വച്ച് ബൈക്കിലെത്തിയ സംഘം വെട്ടികൊലപ്പെടുത്തിയത്. 16 ആര്‍എസ്എസ് പ്രവര്‍ത്തകരെ കേസില്‍ പ്രതിചേര്‍ത്തുവെങ്കിലും 15 പേരെ മാത്രമാണ് പിടികൂടിയത്. പതിമൂന്നാം പ്രതി ആസ്സാം അനിയെ പിടികൂടിയിട്ടില്ല മൂന്നാം പ്രതി രഞ്ജിത്തിനെ വിചാരണ തുടങ്ങുന്നതിന് മുമ്പ് കൊല്ലപ്പെട്ടിരുന്നു. വിചാരണ നേരിട്ട 14 പേരില്‍ പതിനാറാം പ്രതി അരുണ്‍ കുമാറിനെ കോടതി വെറുതെവിട്ടിരുന്നു. കേസിലെ മറ്റ് പ്രതികളായ സന്തോഷ്, മനോജ്, ബിജുകുമാര്‍, രഞ്ജിത്ത്, ബാലുമഹേന്ദ്ര വിപിന്‍, കടവൂര്‍ സതീഷ്, ബോസ്, മണികണ്ഠന്‍, വിനോദ് കുമാര്‍, സുഭാഷ് കുമാര്‍ എന്നിവര്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. 15 പ്രതി ശിവലാലിന് ജീവപര്യന്തവും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച 11 പ്രതി ഹരിലാലിന് മൂന്നു വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത് പ്രതികള്‍ക്ക് വധശിക്ഷ വേണമെന്നായിരുന്നു പ്രസിക്യൂഷന്‍ ആവശ്യം. 2006 മുതല്‍ നടന്ന രാഷ്ട്രീകൊലപാതങ്ങളുടെ പട്ടികയും കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രതികളുടെ പ്രായം കണക്കിലെടുത്തും മറ്റു കേസില്‍ പ്രതികളല്ലെന്ന് പരിഗണിച്ചും വധശിക്ഷ ഒഴിവാക്കുന്നതായി കോടതി പറഞ്ഞു. ഭരണഘടന അനുവദിക്കുന്ന രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ആശാവഹമല്ലെന്നും വിധി പ്രസ്താവിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി ടി കെ മിനിമോള്‍ പറഞ്ഞു. ഏഴു മാസം നീണ്ട വിചാരണക്കുശേഷമായിരുന്നു വിധി. വിധി പ്രസ്താവിക്കുന്നതിനാല്‍ കനത്ത സുരക്ഷ വലത്തിലായിരുന്നു കോടതി.

Follow Us:
Download App:
  • android
  • ios