തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ശാന്തമായെങ്കിലും കടലില്‍ കാണാതായ മുഴുവന്‍ പേരെയും ഇനിയും കണ്ടെത്താനായിട്ടില്ല. കടലില്‍ അകപ്പെട്ട കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നേവി ശക്തമാക്കിയിരിക്കുകയാണ്. കടലില്‍ ഒഴുകി നടക്കുന്ന ബോട്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് നേവിക്ക് കൈമാറുന്നുണ്ട്. ആശങ്കകള്‍ ബാക്കി നില്‍ക്കുമ്പോള്‍ ആശ്വാസമായി 11 മത്സ്യത്തൊഴിലാളികള്‍അടങ്ങിയ ബോട്ട് നേവി ലക്ഷദ്വീപ് തീരത്ത് എത്തിച്ചു.

ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട 359 പേരെ ലക്ഷപ്പെടുത്തി. അതേസമയം കര്‍ണ്ണാടകത്തിന് സമീപം ബോട്ട് മുങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാവിക സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പാ ഭാഗത്തേക്ക് പോയിട്ടുണ്ട്. മറൈന്‍ എൻഫോഴ്സ്മെന്‍റാണ് വിവരം നാവികസേനയ്ക്ക് കൈമാറിയത്. 

കടല്‍ക്ഷോഭത്തില്‍ കാണാതായവര്‍ക്ക് വേണ്ടി കേരള, ലക്ഷദ്വീപ് തീരത്ത് തെരച്ചിലിനായി നാവികസേനയുടെ 12 കപ്പലുകള്‍ എത്തിയിട്ടുണ്ട്. നേവിയുടെ തെരച്ചില്‍ സംഘത്തില്‍ മത്സ്യത്തൊഴിലാളികളും ഉണ്ട്. തെരച്ചിലിനായി കല്‍പേനി എന്ന കപ്പല്‍ ഉടന്‍ കൊച്ചിയില്‍ നിന്നും പുറപ്പെടുംഫിഷറിസ് വകുപ്പിന്‍റെ അഞ്ചു ബോട്ടുകളും തെരച്ചിലിനുണ്ട്. 35 നോട്ടിക്കല്‍ മൈല്‍ അകലെ വരെ തെരച്ചില്‍ നടത്തും.