കാസര്‍കോട് കാണാതായവര്‍ യമനില്‍, പഠനത്തിനെത്തിയതെന്ന് ശബ്ദരേഖ

കാസര്‍കോട് നിന്നും കാണാതായ സവാദിന്റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യുസിന്. താനും കുടുംബവും യമനിലെ ഹളർമൗത് എന്ന സ്ഥലത്തുണ്ടെന്ന് സവാദ് പറയുന്നതാണ് ശബ്ദരേഖ. യെമനിലേക്ക് പോകുന്നത് ഭാര്യ പിതാവിനെ അറിയിച്ചിരുന്നെന്നും ഭാര്യയുടെ പിതാവിന് തന്നോട് ശത്രുത ഉണ്ടെന്നും സവാദ് പറയുന്നുണ്ട്. ഇതാണ് പരാതിക്ക് കാരണം. രണ്ടാഴ്ച മുൻപ് ഭാര്യ പിതാവിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. മത പഠനത്തിനായി പോയതാണെന്നും സവാദ് ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ഭാര്യമാരും ഒപ്പമുണ്ടന്നും സവാദ് പറയുന്നു.

കാസർഗോഡ് നിന്നും ആറ് കുട്ടികളടക്കം 11 പേരെ ദുരുഹ സാഹചര്യത്തിൽ കാണാതായതായി പരാതി ലഭിച്ചിരുന്നു. ദുബൈയിലേക്ക് പുറപ്പെട്ട രണ്ട് കുടുംബങ്ങളെ കാണാനില്ലെന്നായിരുന്നു പരാതി. ഇവർ ഐഎസിൽ ചേർന്നതായി സംശയിക്കുന്നുണ്ട്. മൊഗ്രാൽ സ്വദേശിയാണ് സവാദ്. ഭാര്യ നസീറ മകൻ ആറുവയസുള്ള മുസബ്, മൂന്ന് വയസുകാരി മകൾ മര്‍ജാന, പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശി റഹാനത്ത് എന്നിവരെയാണ് കണാതായത്. 

നസീറയുടെ പിതാവ് അബ്ദുല്‍ ഹമീദാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ‌‌അബ്ദുല്‍ ഹമീദ് നല്‍കിയ മൊഴിയിൽ അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ച് പേരെ കൂടി കാണാതായ വിവരമുണ്ട്. അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. ഇവരും യമനില്‍ തന്നെ ഉണ്ടെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

കാസര്‍കോട് ജില്ലയിൽ നിന്നും ഐ.എസ് കേന്ദ്രത്തിലെത്തിയവരിൽ ചിലർ കൊല്ലപ്പെട്ടെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പുതിയ തിരോധാന വാർത്തയും പുറത്തു പരുന്നത്. സംഭംവം ആഭ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചിട്ടുണ്ട്.