യൂണിഫോം ധരിക്കാത്തതിന് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പതിനൊന്നുകാരിക്ക് പ്രാകൃത ശിക്ഷ നടപ്പാക്കി സ്‌കൂള്‍ അദ്ധ്യാപിക. ഹൈദരാബാദിലാണ് സംഭവം. യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ വന്നതിനാണ് ഹൈദരാബാദിലെ രാമചന്ദ്രപുരത്തുള്ള റാവു ഹൈസ്‌കൂളില്‍ പ്രാകൃത ശിക്ഷ നടപ്പാക്കിയത്. പെണ്‍കുട്ടിയെ മണിക്കൂറുകളോളം ആണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ ഇരുത്തിയാണ് പി ടി അദ്ധ്യാപിക ശിക്ഷ നടപ്പാക്കിയത്. ഈ സമയം ആണ്‍കുട്ടികള്‍ ടോയ്‌ലറ്റില്‍ വരുകയും അവര്‍ മൂത്രമൊഴിക്കുന്നതും മറ്റും തനിക്ക് കാണേണ്ടിവന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ചില കുട്ടികള്‍ തന്നെ നോക്കി കളിയാക്കി ചിരിക്കുകയും ചെയ്തെന്ന് അവള്‍ പറയുന്നു ഇതിനുശേഷം മാനസികമായി തകര്‍ന്നുപോയ പെണ്‍കുട്ടിക്ക് ഇപ്പോള്‍ സ‌്‌കൂളില്‍ പോകാന്‍ പോലും മടിയാണ്. സ്‌കുളില്‍ തനിക്ക് നേരിടേണ്ടി വരുന്ന ദുരനുഭവം പെണ്‍കുട്ടി തന്നെ വിവരിക്കുന്ന വീഡിയോ രക്ഷിതാക്കള്‍ പുറത്തുവിട്ടു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും ശിക്ഷ വിധിച്ച അധ്യാപികയ്‌ക്കെതിരെയും മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്ന വകുപ്പ് അനുസരിച്ച് കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ സ്കൂള്‍ അധികൃതരെയും അധ്യാപകരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.