ലഖ്‌നൗ: സൈന്യത്തില്‍ നിന്ന് വിരമിച്ച കേണലിന്‍റെ വീട്ടില്‍ പരിശോധന നടത്തിയ റവന്യു ഇന്‍റലിജന്‍സ് ശരിക്കും ഞെട്ടി. പിടിച്ചെടുത്ത സാധനങ്ങള്‍ ചില്ലറയല്ല. ഒരു കോടി രൂപ, 40 പിസ്റ്റളുകള്‍, 50,000 തിരകള്‍, 117 കിലോ മാനിറച്ചി, അഞ്ച് മാനുകളുടെ തല, സാംബര്‍ മാനിന്‍റെ കൊമ്പുകള്‍, പുള്ളിപ്പുലിയുടെ തോല്‍, ആനക്കൊമ്പ് എന്നിവ. ഞായറാഴ്ച പുലര്‍ച്ചെയാണ് റിട്ട.കേണല്‍ ദേവിന്ദ്ര കുമാറിന്‍റെ വീട്ടില്‍ റെയ്ഡ് നടന്നത്. ഒളിവില്‍ പോയ ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച റെയ്ഡ് ഞായറാഴ്ച പുലര്‍ച്ചെ 3.30 വരെ നീണ്ടുനിന്നു. മീററ്റിലെ സിവില്‍ ലൈനിലെ വസതിയില്‍ പതിനേഴ് മണിക്കൂറാണ് റവന്യൂ അധികൃതരും വനംവകുപ്പും അരിച്ചുപെറുക്കിയത്. കേണലിന്റെ മകന്‍ പ്രശാന്ത് ബിഷ്‌നോയ് ദേശീയ തലത്തിലുള്ള ഷൂട്ടറാണ്.
വീട്ടിലെ റെഫ്രിജറേറ്ററിലാണ് മാനിറച്ചി സൂക്ഷിച്ചിരുന്നത്. ഇതിന്‍റെ സാംപിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുകേഷ് കുമാര്‍ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
