തിരുവനന്തപുരം:കറന്‍സിക്ഷാമം മൂലം ശമ്പള-പെന്‍ഷന്‍ വിതരണം സംസ്ഥാനത്ത് പലയിടത്തും മുടങ്ങി. ട്രഷറികളില്‍ ഇന്നത്തേക്ക് ആവശ്യപ്പെട്ട് 167 കോടിയില്‍ 111 കോടി രൂപ മാത്രമാണ് കിട്ടിയത്. നാലരലക്ഷം പെന്‍ഷന്‍കാരില്‍ അന്‍പതിനായിരം പേര്‍ക്ക് മാത്രമാണ് ഇന്ന് പെന്‍ഷന്‍ കിട്ടിയത്. ട്രഷറിയില്‍ ഇപ്പോഴുള്ള മിച്ചം 12 കോടി രൂപ മാത്രമാണ്.
നോട്ട് അസാധുവാക്കിയ ശേഷമുള്ള ആദ്യ ശമ്പള ദിവസം കടുത്ത പ്രതിസന്ധി.ബാങ്കുകളും ട്രഷറികളും തുറക്കും മുമ്പേ ആളുകളെത്തിയെങ്കിലും പലയിടത്തും ശമ്പള പെന്‍ഷന്‍ വിതരണം താളം തെറ്റി.167 കോടി ആവശ്യപ്പെട്ടപ്പോള്‍ വിവിധ ഘട്ടങ്ങളിലായി ട്രഷറിക്ക് നല്‍കിയത് 111 കോടി മാത്രം. 12 ട്രഷറികളില്‍ ഒരു രൂപ പോലും എത്തിയില്ല. 24000 രൂപ നല്‍കേണ്ടിടത്ത് പലര്‍ക്കും കിട്ടിയത് 2000വും 5000 വും മാത്രം.
ബാങ്കുകളിലേക്ക് ശമ്പളവിതരണത്തിനായി കിട്ടിയത് 500 കോടി. ഉടന്‍ 300 കോടി കൂടി എത്തുമെന്നാണ് ആര്‍ബിഐ ഉറപ്പ്. ആദ്യ ദിനത്തിലെ ഇടപാടിന് ശേഷം ട്രഷറി ബാലന്‍സ് 12 കോടി മാത്രം. വെള്ളിയാഴ്ച 300 കോടി കിട്ടിയില്ലെങ്കില്‍ ശമ്പളം പെന്‍ഷന്‍ വിതരണം താളം തെറ്റും. കറന്‍സി ക്ഷാമം മൂലം തോട്ടം മേഖലയിലെ വേതന വിതരണം തടസ്സപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ എന്ന് ശമ്പളവും പെന്‍ഷനും കൊടുക്കുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല.
