ആലപ്പുഴ: കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് കാര്‍ത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴയില്‍ 12 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പഞ്ചായത്ത് എല്‍.പി. സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇവിടെ 60 പേരാണുള്ളത്. വലിയഴീക്കലില്‍ നല്ലാനം ഭാഗത്ത് കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശത്ത് കല്ലിടാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താല്‍ക്കാലികമായി മണല്‍ച്ചാക്കുകള്‍ അടുക്കി തിരയെ പ്രതിരോധിക്കുന്നു. പുറക്കാട് ഭാഗത്ത് മണല്‍ച്ചാക്ക് സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) പി.എസ്. സ്വര്‍ണമ്മ, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ എസ്. വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം വലിയഴീക്കല്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 


മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുത്

അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള തീരത്ത് 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.