ഭദ്രമായി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ കേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ അച്ഛനോട് അവശ്യപ്പെടുകയായിരുന്നു

ദുബായ്: പിറന്നാള്‍ സമ്മാനമായി അച്ഛന്‍ നല്‍കിയ സ്വര്‍ണ്ണ കേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എട്ടാം ക്ലാസുകാരി. ദുബായ് ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പ്രാണതി എന്ന മിന്നുവാണ് പ്രളയദുരിതത്തില്‍പ്പെട്ട് ഉഴലുന്നവര്‍ക്ക് അരക്കിലോ ഭാരമുള്ള സ്വര്‍ണ കേക്ക് സഹായമായി നല്‍കിയത്.

ഈ കേക്കിന് ഏകദേശം 19 ലക്ഷം രൂപയോളം വില വരും. മെയ് അഞ്ചിനായിരുന്നു പ്രാണതിയുടെ ജന്മദിനം. അന്നേ ദിവസം തന്റെ പിതാവ് വിവേക് വാങ്ങി നല്‍കിയ കേക്ക് ഭദ്രമായി സൂക്ഷിച്ച് വെയ്ക്കുകയായിരുന്നു. കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തെ കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും കഴിഞ്ഞ ദിവസാണ് പ്രാണതി അറിയുന്നത്.

ദുബായിലിരുന്നു കെണ്ട് തന്‍റെ അച്ഛന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും പ്രാണതി കണ്ടിരുന്നു. ഇതേ തുടർന്ന് ഭദ്രമായി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ കേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ അച്ഛനോട് അവശ്യപ്പെടുകയായിരുന്നു. കണ്ണൂരിലെ പയ്യന്നൂരില്‍ നിന്നുള്ള പ്രവാസിയാണ് വിവേക്

പിറന്നാൾ സമ്മാനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകിയ ദിവസം മകൾ നന്നായി ഉറങ്ങിയെന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രാണതിയെ പോലെ തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള അനുപ്രിയ എന്ന ഒമ്പത് വയസ്സുകാരി 9,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിരുന്നു. അനുപ്രിയ സൈക്കിൾ വാങ്ങാൻ ശേഖരിച്ച് വെച്ചിരുന്ന പണമായിരുന്നു സഹായമായി നൽകിയത്.