പിതാവിന്‍റെ ക്രൂര മര്‍ദനം: 12കാരി ടെറസില്‍ നിന്ന് താഴേക്ക് ചാടി-- വീഡിയോ

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ പിതാവിന്‍റെ ക്രൂരമര്‍ദനത്തിനിരയായ 12കാരിയായ പെണ്‍കുട്ടി വീടിന്‍റെ ടെറസില്‍ നിന്ന് താഴേക്ക് ചാടി. കുട്ടിയ മര്‍ദ്ദിച്ച ശേഷം പിതാവ് നോക്കി നില്‍ക്കെയാണ് പെണ്‍കുട്ടി ടെറസില്‍ നിന്ന് താഴേക്ക് ചാടിയത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തു വന്നത്.

രണ്ടു കാലുകള്‍ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിജയ് ബാഗ് മേഖലയിലെ നീമ്രാനയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ടെറസില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലെത്തിയ പിതാവ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

തുടര്‍ന്ന് മര്‍ദനം നിര്‍ത്തി പിതാവ് മാറിയ ഉടന്‍ പെണ്‍കുട്ടി ടെറസില്‍ നിന്ന് താഴേക്ക് ചാടി. റോഡിലേക്ക് വീണ പെണ്‍കുട്ടി രക്തത്തില്‍ കുളിച്ച് കിടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം നടക്കുമ്പോള്‍ അയല്‍ക്കാരെല്ലാം നോക്കിനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ അറിയിച്ചെങ്കിലും ഒരു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്റ്റേഷനില്‍ നിന്ന് പൊലീസ് എത്തിയത് മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണെന്നും ആരോപണമുണ്ട്.