Asianet News MalayalamAsianet News Malayalam

വ്യാജ സർവ്വകലാശാല വിസ; യുഎസിൽ 129 ഇന്ത്യൻ വിദ്യാർത്ഥികൾ അറസ്റ്റിൽ

വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നതിന് മുന്നെ എട്ട് അനധികൃത റിക്രൂട്ടമെന്റുകാരെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ എല്ലാവരും ഇന്ത്യക്കാരോ, ഇന്ത്യൻ - അമേരിക്കക്കാരോ ആണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.

129 indian students arrest for pay and stay visa scam in us
Author
Washington, First Published Feb 2, 2019, 9:58 AM IST

വാഷിങ്ടൺ: വ്യാജ സർവ്വകലാശാല വിസ സംഘടിപ്പിച്ച് യുഎസിൽ എത്തിയ 129 ഇന്ത്യൻ വിദ്യാർത്ഥികൾ അറസ്റ്റിൽ. യുഎസിൽ സ്ഥിരമായി താമസിക്കുന്നതിനായി വ്യാജ സർവകലാശാലയിൽ പ്രവേശനം നേടിയവരാണ്​ അറസ്​റ്റിലായത്​. സ്​റ്റുഡന്റ്​ വിസ തട്ടിപ്പ്​ നടത്തി യുഎസിൽ തുടരുന്നവരെ കണ്ടെത്തുന്നതിനു വേണ്ടി അമേരിക്കൻ ആഭ്യന്തര സുരക്ഷാ വിഭാ​ഗം ആരംഭിച്ച 'വ്യാജ സർവകലാശാല'യിലെ വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്.  

വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡെട്രോയിറ്റ്​ ഫാർമിങ്​​ടൺ ഹിൽസിൽ സ്ഥിതി ചെയ്തിരുന്ന ഈ സർവ്വകലാശാല അടച്ചുപൂട്ടുകയും ചെയ്തു. ഇവിടെ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് ഇത് നിയമപ്രകാരമല്ലെന്ന് അറിയാമായിരുന്നുവെന്ന് യുഎസ് എമി​ഗ്രേഷൻ ആൻറ്​ കസ്​റ്റംസ്​ എൻ​ഫോഴ്​സ്മെൻ‌റ്​ അധികൃതർ പറഞ്ഞു. അറസ്റ്റിലായ വിദ്യാർത്ഥികൾക്കുമേൽ കുറ്റംചുമത്തുമെന്നും എല്ലാവരെയും നാടുകടത്തുമെന്നും അന്വേഷണ ഏജൻസി അറിയിച്ചിട്ടുണ്ട്.

നിലവിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവർക്ക് വീട് വിട്ട് പുറത്തേയ്ക്ക് പോകുന്നതിനോ മറ്റുള്ളവരുമായി ഇടപഴകുന്നതിനോ സാധിക്കില്ല. ഇവരെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.129 വിദ്യാർഥികൾ അറസ്​റ്റിലായതിനു പിന്നാലെ യുഎസിലെ ഇന്ത്യൻ എംബസ്സി 24 മണിക്കൂർ ഹെൽപ്​ലൈൻ തുറന്നിട്ടുണ്ട്​. 

വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നതിന് മുന്നെ എട്ട് അനധികൃത റിക്രൂട്ടമെന്റുകാരെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ എല്ലാവരും ഇന്ത്യക്കാരോ, ഇന്ത്യൻ - അമേരിക്കക്കാരോ ആണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. ഇത്തരത്തിൽ നിരവധി പേർ വ്യാജ സർവ്വകലാശാല വിസയിൽ വിദ്യാർത്ഥികളായി യുഎസിൽ തുടരുന്നുവെന്ന് അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios