2024 സെപ്തംബറിലെ യാത്രക്കാണ് 13 ലക്ഷം ചെലവ്.വരാവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസിന്
തിരുവനന്തപുരം: മെസിയെ ക്ഷണിക്കാനെന്ന പേരിലുള്ള കായിക മന്ത്രിയുടെ സ്പെയിൻ യാത്രക്ക് സർക്കാരിന് ചെലവായത് 13 ലക്ഷം രൂപ. 2024 സെപ്തംബറിലെ യാത്രക്കാണ് 13 ലക്ഷം ചെലവായത്.വിവരാവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.മന്ത്രിക്കൊപ്പം കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്പെയിൻ സന്ദർശിച്ചിരുന്നു. മെസിയെ കൊണ്ടുവരുന്നതിൽ സർക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു മന്ത്രിയുടെ വാദം
കേരളത്തിലെ ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന സൌകര്യ വികസനത്തിന് കാര്യമായി ഒന്നും ചെയ്യാത്ത കായികമന്ത്രി , അർജന്‍റീന ടീമിന്‍റെ വരവിനെ ഇത്രയുംനാൾ ന്യായീകരിച്ചിരുന്നത് സംസ്ഥാന ഖജനാവിന് ചില്ലിക്കാശ് നഷ്ടമില്ലെന്ന വാദം ഉയർത്തിയാണ്. എന്നാൽ വി.അബ്ദുറഹിമാന്‍റെ വാദങ്ങൾ കള്ളമെന്ന് തെളിയിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച ഈ രേഖ. കായികമന്ത്രി ,കായികയുവജനകാര്യ സെക്രട്ടറി , വകുപ്പ് ഡയറക്ടർ എന്നിവർ മെസ്സിയെയും അർജന്‍റീന ടീമിനെയും ക്ഷണിക്കാനെന്ന പേരിൽ സ്പെയിനിലെ മാഡ്രിഡിലേക്ക് പോയത് 2024 സെപ്റ്റംബറിൽ . ഈ സന്ദർശനത്തിന് 13 ലക്ഷത്തി 4,434 രൂപ ചെലവായെന്നാണ് സർക്കാർ തന്നെ സമ്മതിക്കുന്നത്. അതായത് മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ സർക്കാർ നടത്തിയ വിദേശയാത്രയ്ക്ക് തന്നെ ചെലവായി ലക്ഷങ്ങൾ . അതും അർജന്‍റീന ടീം സ്വന്തം നാട്ടിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കുന്ന ആഴ്ച !
75 കോടി മുടക്കി മഞ്ചേരിയിൽ പുതിയ സറ്റേഡിയം നിർമ്മിച്ച് മെസ്സിയെ മലബാറിൽ എത്തിക്കുമെന്ന് അവകാശപ്പെട്ടിരുന്ന മന്ത്രി പിന്നീട് ഇതിനായി ചെറുവിരൽ പോലം അനക്കിയിരുന്നില്ല. ഇപ്പോൾ എല്ലാം സ്പോൺസറുടെ തലയിലിട്ട് ഒഴിഞ്ഞുമാറുകയും മാധ്യമങ്ങളോട് ക്ഷുഭിതനാവുകയും ചെയ്യുന്ന അബ്ദുറഹിമാൻ ഇത്രയും നാൾ കേരളത്തെ തെറ്റിദ്ധരിപ്പിക്കുക ആയിരുന്നു എന്ന് വ്യക്തം
